ചേരുവകൾ അപകടകരം
ചാത്തന്നൂർ: തിരിയിട്ട് കൊളുത്തിയാൽ ഹുങ്കാരത്തോടെ ആളിപ്പടർന്ന് വിളക്കടക്കം കത്തും!. ഭക്തി നിറയുന്ന പേരുകളിൽ കേരളത്തിലെ ഉത്സവവിപണി കീഴടക്കുകയാണ് 'പൊട്ടിത്തെറി എണ്ണ'. അപകടകരമായ ചേരുവകൾ അടങ്ങിയിട്ടുള്ളതിനാൽ പെട്ടെന്ന് തീപിടിക്കുന്ന ഇവ അശ്രദ്ധമായി കൈകാര്യം ചെയ്താൽ ജീവന് ഭീഷണിയാകും.
'വിളക്കെണ്ണ', 'കത്തിക്കാനുള്ള എണ്ണ' തുടങ്ങിയ പേരുകളിൽ വിപണിയിൽ സജീവമായ ഇവയുടെ വിലക്കുറവാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. കഴിഞ്ഞ ദിവസം കല്ലുവാതുക്കൽ നടയ്ക്കൽ ആലുവിള ക്ഷേത്രത്തിൽ ചുറ്റുവിളക്ക് തെളിച്ചപ്പോഴുണ്ടായ സ്ഫോടനത്തിലൂടെയാണ് അപകടകരമായ എണ്ണ സംസ്ഥാനത്ത് വിറ്റഴിക്കുന്നതായി അധികൃതർ തിരിച്ചറിഞ്ഞത്.
അപകടത്തിനിടയായ വിളക്കെണ്ണയെക്കുറിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരാതികൾ ഉയർന്ന സാഹചര്യത്തിൽ സ്റ്രോക്കുള്ള എണ്ണ മടക്കിഅയയ്ക്കാൻ ഒരുങ്ങുകയാണ് വിതരണക്കാർ.
വരവ് തമിഴ്‌നാട്ടിൽ നിന്ന്
തമിഴ്നാട്ടിലെ ഈറോഡിൽ നിന്നാണ് ടാങ്കർ ലോറികളിൽ ഇത്തരം എണ്ണ എത്തിക്കുന്നത്. എറണാകുളം ജില്ലയിലെ കോതമംഗലത്തുള്ള പായ്ക്കിംഗ് കേന്ദ്രത്തിൽ വച്ച് ഒരു ലിറ്റർ മുതൽ 20 ലിറ്റർ വരെയുള്ള പായ്ക്കറ്റുകളിലും കന്നാസുകളിലുമാക്കിയാണ് വിപണനം. ഇവിടെ നിന്നുള്ള 'ലോട്ടസ്' എന്ന ബ്രാൻഡിലുള്ള എണ്ണയാണ് കല്ലുവാതുക്കൽ നടയ്ക്കൽ ഭദ്രകാളി ക്ഷേത്രത്തിൽ ആളിപ്പടർന്നത്. ഭക്തർ നേർച്ചയായി സമർപ്പിച്ച എണ്ണയാണ് തീപിടിച്ചതെന്ന് ക്ഷേത്രം ഭാരവാഹികൾ പറയുന്നു.
നിയമത്തിന് അപ്പുറം
കല്ലുവാതുക്കൽ സംഭവത്തിൽ ലഭിച്ച എണ്ണയുടെ ലേബലിൽ 'വിളക്ക് കത്തിക്കുന്നതിനുള്ള എണ്ണ' എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാൽ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് ഫുഡ് സേഫ്റ്റി അധികൃതർ പറയുന്നു. സസ്യ എണ്ണയുടെ ഗണത്തിൽ വില്പനയ്ക്കെത്തിക്കുന്നതിനാൽ പെട്രോളിയം ഉത്പന്നങ്ങളുടെ വില്പന നിയമത്തിൽ നിന്ന് ഒഴിവാകുകയും ചെയ്യും.
വ്യാജൻ നിർമ്മിക്കുന്നത്
1. വർക്ക്ഷോപ്പുകളിൽ നിന്ന് തുച്ഛമായ തുകയ്ക്ക് കരിഓയിൽ ശേഖരിക്കും
2. ഫാക്ടറികളിലെത്തിച്ച് 260 ഡിഗ്രി താപനിലയിൽ ചൂടാക്കും
3. ഇതോടെ നിറമില്ലാത്ത കൊഴുത്ത ദ്രാവകമായി മാറും
4. ഇതിൽ എള്ള്, തവിട്, വെളിച്ചെണ്ണ എന്നിവയുടെ നിറവും മണവുമുള്ള രാസവസ്തുക്കൾ ചേർക്കും
5. പേരിന് വെളിച്ചെണ്ണ ചേർത്താൽ ലാബ് പരിശോധനയിൽ മായം കണ്ടെത്തില്ല
''
ഉത്സവകാലം ലക്ഷ്യമിട്ട് ഈറോഡിൽ നിന്നുള്ള സംഘമാണ് ആളിക്കത്തുന്ന എണ്ണ എത്തിച്ചത്. നിലവാരം കുറഞ്ഞ എണ്ണ 300 രൂപ നിരക്കിൽ വാങ്ങി 2,000 രൂപ പരമാവധി വില രേഖപ്പെടുത്തി 1,400 രൂപയ്ക്കാണ് ചില്ലറ വില്പനക്കാർക്ക് നൽകുന്നത്.
ഷിബു, പായ്ക്കിംഗ് കേന്ദ്രം ഉടമ, കോതമംഗലം