c

കൊല്ലം : കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി പരിധിയിലെ വ്യാപാര സ്ഥാപനങ്ങളിൽ കൊവിഡ് മാനദണ്ഡം ലംഘിക്കുന്നവരെ കണ്ടെത്താൻ ആർ.ആർ ഡെപ്യൂട്ടി കളക്ടർ പ്രിയ ഐ. നായരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. സന്ദർശക രജിസ്റ്റർ, സാനിറ്റൈസർ എന്നിവ സൂക്ഷിക്കാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് പിഴയീടാക്കി. സാമൂഹിക അകലം പാലിക്കാത്തതിനും തെർമൽ സ്‌കാനർ, സാനിറ്റൈസർ എന്നിവ സൂക്ഷിക്കാത്തതിനും നഗരത്തിലെ ഏതാനും ബാറുകൾക്കെതിരെ കേസെടുത്തു. തുടർ ദിവസങ്ങളിൽ പരിശോധന കർശനമാക്കാൻ ഡെപ്യൂട്ടി കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പരിശോധനയിൽ തഹസിൽദാർ എസ്. സജീദ്, കളക്‌ടറേറ്റ് സൂപ്രണ്ട് എ. സന്തോഷ്‌ കുമാർ, വില്ലേജ് ഓഫീസർ ബി. സജീവ്, സുമിന, ശ്യാം എന്നിവർ പങ്കെടുത്തു. കരുനാഗപ്പള്ളി താലൂക്കിലെ തൊടിയൂർ, തേവലക്കര എന്നിവിടങ്ങളിലും പന്മന ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലും പോസിറ്റീവ് കേസുകൾ നൂറിന് മുകളിലാണ്. ചവറ, കുലശേഖരപുരം, തഴവ, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ പോസിറ്റീവ് കേസുകൾ അൻപതിൽ താഴാതെ നിൽക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് പരിശോധന കർശനമാക്കുന്നതെന്ന് ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.