മണ്ഡപം സംരക്ഷിക്കാൻ സംവിധാനങ്ങളില്ല
കൊല്ലം: വെണ്ടാർ ഗ്രാമത്തിന്റെ മുഖശ്രീയായിരുന്ന മണ്ഡപം നിലനിൽപ്പിനായി കേഴുന്നു. മേൽക്കൂര തകർന്ന് നിലംപൊത്താറായ സ്ഥിതിയായിട്ടും മണ്ഡപം സംരക്ഷിക്കാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. കുളക്കട ഗ്രാമ പഞ്ചായത്തിന്റെ അധീനതയിൽ വെണ്ടാർ മനക്കരക്കാവ് ജംഗ്ഷനിലാണ് പഴമയുടെ വഴിയമ്പലം സ്ഥിതിചെയ്യുന്നത്. കൊട്ടാരക്കര - പുത്തൂർ റോഡിന്റെ ഓരത്തായുള്ള മണ്ഡപം ഇന്ന് ബസ് കാത്തിരിപ്പ് കേന്ദ്രമാണ്. മേൽക്കൂര നിലംപൊത്തിയാൽ വിശ്രമിക്കാനിരിക്കുന്നവർ അപകടത്തിൽപ്പെടും. ഓടുകൾ ഇളകിമാറിയ ഇടങ്ങളിൽ പ്ളാസ്റ്റിക് കവറുകൾ വച്ചാണ് നനയാതിരിക്കാനുള്ള സംവിധാനമൊരുക്കിയിരിക്കുന്നത്. മേൽക്കൂരയുടെ വശങ്ങൾ വളഞ്ഞ് ഒടിഞ്ഞ നിലയിലാണ്. ഇത് നിലംപൊത്താതിരിക്കാൻ ചെറിയ കമ്പുകൾകൊണ്ട് താങ്ങ് കൊടുത്തിരിക്കുകയാണ്. ഇണ്ടിളയപ്പൻ ക്ഷേത്രത്തിന് മുന്നിലായാണ് മണ്ഡപം. ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരങ്ങൾക്കും മറ്റും ഇവിടം ഉപയോഗിക്കാറുമുണ്ട്. സമീപത്തെ വായനശാല കെട്ടിടവും തകർച്ചയിലാണ്. നാടിന്റെ പൈതൃകങ്ങളെ സംരക്ഷിക്കുന്ന കാര്യത്തിൽ അധികൃതർ ശ്രദ്ധകാട്ടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
ചുമടുതാങ്ങി
നാട്ടുകൂട്ടങ്ങൾ കൂടിയിരുന്നത് ഈ മണ്ഡപങ്ങളിലാണ്. വാഹനങ്ങൾ ഇല്ലാത്തകാലത്ത് കാതങ്ങൾ കാൽനടയായി സഞ്ചരിച്ചെത്തുന്നവർക്ക് വഴിയോര വിശ്രമ കേന്ദ്രങ്ങൾ വലിയ അനുഗ്രഹമായിരുന്നു. സമീപത്ത് ഭാരമിറക്കിവയ്ക്കാൻ ചുമടുതാങ്ങികളുമുണ്ടായിരുന്നു. ചുമടുതാങ്ങി പവിത്രേശ്വരത്ത് രണ്ടിടത്ത് ശേഷിക്കുന്നുണ്ടെങ്കിലും ബാക്കിയെല്ലാം മൺമറഞ്ഞു.
രാജഭരണകാലത്തിന്റെ അടയാളങ്ങൾ...
നൂറ്റാണ്ടുകളുടെ ശേഷിപ്പാണ് വെണ്ടാർ മനക്കരക്കാവ് മണ്ഡപം. പുത്തൂർ ദേശത്തിന്റെ മിക്കയിടങ്ങളിലും ഇത്തരം മണ്ഡപങ്ങളുണ്ട്. കുളക്കടയിലെ മണ്ഡപം അടുത്തിടെ റോഡ് വികസനത്തിനായി പൊളിച്ചുനീക്കിയെങ്കിലും പിന്നീട് പുനർ നിർമ്മിച്ചു. പുത്തൂർ പട്ടണത്തിലെ മണ്ഡപം വാഹനമിടിച്ച് നിലംപൊത്തിയിരുന്നത് ഇപ്പോൾ അല്പം മാറ്റി പുനർ നിർമ്മിച്ച് തുടങ്ങിയിട്ടുണ്ട്. ആറ്റുവാശേരിയിലെയും പാങ്ങോട്ടെയും മണ്ഡപങ്ങൾ വർഷാവർഷം ഓലമേഞ്ഞ് പുതുക്കുന്നവയാണ്. പവിത്രേശ്വരം മണ്ഡപം പഴമയുടെ തനിമയോടെ നിലനിൽക്കുന്നുണ്ട്. കോട്ടാത്തല ജനതാ വായനശാലയോട് ചേർന്നുള്ള മണ്ഡപം ആൽമരം വീണ് അടുത്തിടെ തകർന്നു. ഇത് പുനർ നിർമ്മിച്ചിട്ടില്ല. പവിത്രേശ്വരം മലനട ക്ഷേത്രത്തിലും ഐവർകാല കീച്ചപ്പള്ളി ക്ഷേത്രത്തിലുമടക്കം പുത്തൂർ മേഖലയിൽ പിന്നെയും നിരവധി മണ്ഡപങ്ങളുണ്ട്. രാജഭരണകാലത്തിന്റെ തിരുശേഷിപ്പുകളാണ് മിക്കവയും.