prathy

ഓയൂർ: പൂയപ്പള്ളി പറണ്ടയിൽ ചരുവിള വീട്ടിൽ പരേതനായ ഗോപിയുടെ ഭാര്യ ശാന്തയെ (60) കൊലപ്പെടുത്തിയ കേസിൽ പ്രതി തെങ്കാശി സ്വദേശി ശങ്കറിനെ (32) റിമാൻഡ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. കളപ്പയർ വിത്തുകൾ വിൽക്കാൻ പുനലൂരിലെത്തിയ ശാന്തയെ മുൻപരിചയക്കാരനായ ശങ്കർ കാണുകയും ഇവരോടൊപ്പം വീട്ടിലേയ്ക്ക് പോരുകയുമായിരുന്നു. ഞായറാഴ്ച രാവിലെ പൂയപ്പള്ളി പറണ്ടയിൽ ചില വീടുകളിൽ തേങ്ങയിട്ടശേഷം ശാന്തയുടെ ബന്ധുവായ യുവാവിനൊപ്പം മദ്യപിച്ചു. തുടർന്ന് വൈകിട്ട് 7ഓടെ വീണ്ടും മദ്യം വാങ്ങി ശാന്തയ്ക്കൊപ്പം വീട്ടിലിരുന്ന് മദ്യപിച്ചു. സംസാരത്തിനിടെ ശാന്തയിൽ നിന്ന് ശങ്കർ കടം വാങ്ങിയ തുകയെ ചൊല്ലി തർക്കമുണ്ടായി. ഇതിനിടയിൽ ശങ്കർ അരയിൽ ചുറ്റിയിരുന്ന തോർത്ത് ശാന്തയുടെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതിയെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.