 
പുനലൂർ: പുനലൂർ താലൂക്കാശുപത്രിയുടെ വികസനം മലയോരമേഖലയിലെ പാവപ്പെട്ടവർക്ക് പ്രയോജനകരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടെ പത്ത് നിലയിൽ പണികഴിപ്പിച്ച ഹൈടെക് ആശുപത്രി കെട്ടിടം ഓൺലൈൻ വഴി നാടിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം. കിഴക്കൻ മലയോര മേഖലയിലെ ജനങ്ങളുടെ ആഗ്രഹം കണക്കിലെടുത്താണ് പുനലൂർ ഗവ. താലൂക്ക് ആശുപത്രിക്ക് പത്ത് നിലയുള്ള കെട്ടിടസമുച്ചയം നിർമ്മിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിച്ചു. ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തിയാൽ മന്ത്രി കെ. രാജു നിർദ്ദേശിച്ചതനുസരിച്ച് പുനലൂർ താലൂക്ക് ഹെഡ് ക്വോട്ടേഴ്സ് ആശുപത്രിയുടെ പദവി ഉയർത്തും. 14 ജീവനക്കാരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ ഉടൻ നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 68 കോടി രൂപ ചെലവഴിച്ചാണ് പത്ത് നിലയുളള ഹൈടെക് കെട്ടിട സമുച്ചയം പണിതത്. കൊവിഡ് മാനദണ്ഡം പാലിച്ച് നടന്ന ചടങ്ങിൽ മന്ത്രിമാരായ തോമസ് ഐസക്ക്, കെ. രാജു തുടങ്ങിയവർ ഓൺലൈനായി പങ്കെടുത്തു. നഗരസഭാ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി. ഉണ്ണിക്കൃഷ്ണൻ, കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഡി. ദിനേശൻ, പി.എ. അനസ്, വസന്ത രഞ്ചൻ, പുഷ്പകുമാരി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷ, ബെന്നികക്കാട് തുടങ്ങിയവർ സംസാരിച്ചു.