തെന്മല : തെന്മല ഡാം ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. ഒരുവർഷം മുൻപ് നിയന്ത്രണം വിട്ട ലോറിയിടിച്ചാണ് ഇവിടെ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റ് തകർന്നത്. രാത്രി കാലങ്ങളിൽ ഇവിടെ വെളിച്ചമില്ലാത്തത് വാഹന - കാൽനട യാത്രികരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. മൂന്ന് റോഡുകൾ ചേരുന്ന ഈ ഭാഗത്ത് ലൈറ്റില്ലാത്തത് അപകടങ്ങൾ ക്ഷണിച്ചുവരുത്തും. രാത്രിയിൽ അമിത വേഗതയിലെത്തുന്ന വാഹനങ്ങൾ റോഡിന് മദ്ധ്യഭാഗത്തുള്ള മൺതിട്ടയിൽ തട്ടിയാൽ വലിയ അപകടങ്ങളുണ്ടാവും. വാഹനാപകടത്തിൽ ലൈറ്റ് തകർന്ന് ഏകദേശം ഒരു വർഷം പിന്നിട്ടിട്ടും പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.
അപകടക്കെണിയായി അവശിഷ്ടങ്ങൾ
ഡാം ജംഗ്ഷനിലെ ഹൈ മാസ്റ്റ് ലൈറ്റ് സ്ഥിതി ചെയ്തിരുന്നയിടത്ത് ഇപ്പോൾ മൺതിട്ടയും തകർന്ന ലൈറ്റിന്റെ അവശിഷ്ടങ്ങളുമാണ് അവശേഷിക്കുന്നത്. പാതയുടെ ഒത്ത നടുക്കായി സ്ഥിതിചെയ്യുന്ന മൺതിട്ട വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. ഇവിടെ അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ പോലും അധികൃതർ തയ്യാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
തെരുവ് നായ്ക്കളുടെ ശല്യം
ഇവിടെ തെരുവ് നായ്ക്കളുടെ ശല്യം വ്യാപകമാണെന്ന് യാത്രക്കാർ പറയുന്നു. രാത്രിയിൽ നായ്ക്കളെ പേടിച്ച് കാൽനടയാത്രികർ ഇതുവഴി സഞ്ചരിക്കാത്ത അവസ്ഥയാണ്. അപകടസാദ്ധ്യത കൂടിയ മേഖലയായതിനാലും അതീവ സുരക്ഷാ പ്രധാന്യമർഹിക്കുന്ന ഡാം തൊട്ടടുത്ത് സ്ഥിതിചെയ്യുന്നതിനാലും ജംഗ്ഷനിൽ എത്രയും വേഗം ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം