
കൊല്ലം തീരത്ത് ലോഡിംഗ് തൊഴിലാളികളുടെ നിർബന്ധിത പിരിവ്
കൊല്ലം: കൊല്ലം തീരത്തെ ഹാർബറുകളിൽ മത്സ്യം വാങ്ങാനെത്തുന്ന സ്വകാര്യ വ്യക്തികളിൽ നിന്ന് ലോഡിംഗ് തൊഴിലാളികൾ നിർബന്ധപൂർവം നോക്കുകൂലി പിടിച്ചുവാങ്ങുന്നു. ഗുണ്ടാസംഘങ്ങളെപ്പോലെ സംഘടിച്ചെത്തി ആളുകളെ തടഞ്ഞുനിറുത്തിയാണ് പണം വാങ്ങുന്നത്. സംഘത്തിൽ പ്രധാനപ്പെട്ട എല്ലാ യൂണിയനുകളിലെയും അംഗങ്ങളുണ്ട്.
നേരത്തെ വാടി ഹാർബർ കേന്ദ്രീകരിച്ചായിരുന്നു ലോഡിംഗ് തൊഴിലാളികളുടെ വിളയാട്ടം. കഴിഞ്ഞ ദിവസം മുതൽ പള്ളിത്തോട്ടം അടക്കമുള്ള ലാൻഡിംഗ് സെന്ററുകളിലേക്കും വ്യാപിപ്പിച്ചു. ഇവിടെ കമ്മിഷൻ ഏജന്റുമാരും സംസ്കരണ യൂണിറ്റുകളും മത്സ്യമെടുക്കാനെത്തും. ഇവർ വാങ്ങുന്ന ചെറിയ മത്സ്യങ്ങൾ പെട്ടിയിലാക്കിയും വലിയ മത്സ്യങ്ങൾ നേരിട്ടും ലോറികളിലേക്ക് ചുമന്ന് കയറ്റുന്നത് ചുമട്ട് തൊഴിലാളികളാണ്. ഇതിന് നിശ്ചിത കൂലി വാങ്ങാറുണ്ട്. ഇതിന് പുറമേയാണ് സ്വകാര്യ വ്യക്തികൾ ചെറിയ അളവുകളിൽ വാങ്ങുന്ന മത്സ്യത്തിനും പണം പിടിച്ചുപറിക്കുന്നത്.
അഞ്ച് കിലോയ്ക്ക് നോക്കുകൂലി 40 രൂപ
ക്രെയിൻ ഉപയോഗിച്ച് ഇറക്കുന്ന വസ്തുക്കൾ നോക്കിനിൽക്കുന്നതിനും കൂലി ആവശ്യപ്പെടുന്നത് പോലെയാണ് ഇവിടെയും. വാങ്ങുന്ന മത്സ്യം സ്വകാര്യ വ്യക്തികൾ തന്നെ ചുമന്നുകൊണ്ട് പോവുകയും വേണം. പണം നൽകാത്തവർക്ക് നേരെ അസഭ്യവർഷവും ഭീഷണിയും മുഴക്കുന്നുണ്ട്.
കമ്മിഷൻ ഏജന്റുമാരെ സഹായിക്കൽ
സ്വകാര്യ വ്യക്തികളിൽ നിന്ന് നോക്കുകൂലി നിർബന്ധപൂർവം വാങ്ങുന്നത് കമ്മിഷൻ ഏജന്റുമാരെ സഹായിക്കാനാണെന്നും ആരോപണമുണ്ട്. സ്വകാര്യ. വ്യക്തികൾ ലേലത്തിൽ പങ്കെടുക്കുമ്പോൾ വില ഉയരും. അതുകൊണ്ട് കുറഞ്ഞ വിലയ്ക്ക് മത്സ്യം വാങ്ങാനുള്ള കമ്മിഷൻ ഏജന്റുമാരുടെ ശ്രമം നടക്കില്ല. കറിക്കാരെ തുരത്താൻ കമ്മിഷൻ ഏജന്റുമാരുടെ കൂടി പിന്തുണയോടെയാണ് നോക്കുകൂലി പിരിവെന്നും ആരോപണമുണ്ട്. കറിക്കാർ ഹാർബറിലെത്തായാതാൽ നഷ്ടം മത്സ്യത്തൊഴിലാളികൾക്കാണ്.
നോക്കുകൂലി
അഞ്ച് കിലോ വരെ: 40 രൂപ
അതിന് മുകളിലുള്ള ഓരോ കിലോയ്ക്കും: 5 രൂപ വീതം
''
ഗുണ്ടാസംഘങ്ങളെപ്പോലെയാണ് ചുമട്ട് തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെട്ടത്. നിസാര ഭാരമുള്ള മത്സ്യത്തിന് നോക്കുകൂലി വാങ്ങുന്നത് നീതികരിക്കാനാവില്ല. അധികൃതർ ഇടപെടണം.
ബിജിലാൽ
''
ഹാർബറിൽ വാഹനങ്ങൾ പ്രവേശിപ്പിക്കുന്നതിന് മാത്രമാണ് എൻട്രി ഫീസുള്ളത്. മത്സ്യം വാങ്ങാൻ എത്തുന്ന സ്വകാര്യ വ്യക്തികളിൽ നിന്ന് പണം പിരിക്കാൻ ആർക്കും അനുമതി നൽകിയിട്ടില്ല.
ലിന്റ, ഹർബർ എൻജി. എക്സി. എൻജിനിയർ