1
കല്ലട കനാലിന്റെ ഇടയ്ക്കിടം ഭാഗത്ത് കാട് മൂടിയ നിലയിൽ

എഴുകോൺ: കനാലിലെ കാട് വെട്ടിത്തെളിക്കാതെ വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് ഇഴജന്തുക്കളെ പേടിച്ച് നാട്ടുകാർക്ക് വഴിനടക്കാനാവാത്ത അവസ്ഥ. കരീപ്ര ഇടയ്ക്കിടം ജംഗ്ഷനിലാണ് പാമ്പുകളുടെ ശല്യം രൂക്ഷമായത്. കല്ലട ജല വിതരണ പദ്ധതിയുടെ ഭാഗമായ കനാലുകളിൽ വെള്ളം തുറന്ന് വിടുന്നതിന് മുമ്പ് കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കുന്നത് പതിവായിരുന്നു. അതത് പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നത്. എന്നാൽ കരീപ്ര പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ കനാലിലെ കാട് വെട്ടിത്തെളിച്ചിട്ടില്ല. 100 പ്രവൃത്തി ദിവസങ്ങൾ തികഞ്ഞതിനാലാണ് കനാൽ വൃത്തിയാക്കാൻ കഴിയാതിരുന്നതെന്നാണ് അധികൃതർ പറയുന്നത്.

പാമ്പുകൾ കരയിലേക്ക്

വെള്ളം നിറഞ്ഞതോടെ കനാലിൽ പെറ്റുപെരുകിയ ഇഴജന്തുക്കൾ കരയിലേക്ക് കയറുകയായിരുന്നു. സമീപത്തെ വീടുകളിലും പറമ്പുകളിലും പാമ്പുകളുടെ ശല്യം വ്യാപകമാണെന്ന് പ്രദേശവാസികൾ പറയുന്നു. റോഡുകളിൽ വാഹനം കയറി പാമ്പുകൾ ചത്ത് കിടക്കുന്നതും പതിവ് കാഴ്ചയാണ്. കനാലിലെ കാട് വെട്ടിത്തെളിക്കാതെ വെള്ളം തുറന്നുവിട്ടത് അധികൃതരുടെ കടുത്ത അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ ആരോപണം.

മൂർഖനും അണലിയും

മൂർഖൻ, അണലി വർഗത്തിലുള്ള പാമ്പുകളെയാണ് കൂടുതലായും കാണപ്പെടുന്നത്. ഇഴജന്തുക്കളെ പേടിച്ച് കുട്ടികളെ വീടിന്റെ പുറത്തിറക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. കനാലിന്റെ വശങ്ങളിൽ കാടുമൂടിക്കിടക്കുന്നതിന്നാൽ പുലിച്ചാൺ ഗുഹാ ക്ഷേത്രത്തിലേക്ക് പോകാനുള്ള വഴിയും അടഞ്ഞിരിക്കുകയാണ്. ബന്ധപ്പെട്ട അധികൃതർ മുൻകൈയെടുത്ത് പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.