fish
ഡോ. ദേവിചന്ദ് മത്സ്യഫാമിൽ

കൊല്ലം: നാടൻ മത്സ്യകൃഷിയിൽ നൂറുമേനി നേടി വിജയഗാഥ രചിച്ചിരിക്കുകയാണ് ഈ വനിതാ ഡോക്ടർ. കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലെ ഓഡിയോളജിസ്റ്റും സൈക്കോളജിസ്റ്റുമായ കൂട്ടിക്കട ആക്കോലിൽ കൃഷ്ണശ്രീയിൽ ഡോ. ദേവിചന്ദാണ് ചാകര കൊയ്യുന്ന യുവ ഡോക്ടർ.

പ്രധാനമന്ത്രിയുടെ മത്സ്യ സമ്പദ് യോജന പദ്ധതിയുടെ ഭാഗമായി റീ സൈക്കിൾ അക്വാ സിസ്റ്റം മാതൃകയിലാണ് കൃഷി. വീട്ടുവളപ്പിലെ മൂന്ന് സെന്റിൽ പ്രത്യേകം തയ്യാറാക്കിയ ടാങ്കുകളിലാണ് എണ്ണായിരത്തോളം തിലോപ്പിയ മത്സ്യങ്ങളെ വളർത്തിയെടുത്തത്. അഭ്യസ്തവിദ്യരും തൊഴിൽ രഹിതരുമായ സ്ത്രീകൾക്ക് വേണ്ടി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് മത്സ്യ സമ്പദ് യോജന. പദ്ധതി പ്രകാരം 40 ശതമാനം സബ്സിഡി ലഭിക്കും. ഫിഷറീസ് വകുപ്പിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്റെ ഉപദേശവും ദേവിചന്ദിന് കൃഷിയിൽ ലഭിച്ചു.

ലോക്ക്ഡൗൺ സമയത്ത് മീൻ കിട്ടാതെ വലഞ്ഞപ്പോഴാണ് മത്സ്യകൃഷി എന്ന ആശയം ഡോക്ടറുടെ മനസിൽ തോന്നിയത്. എല്ലാ സഹായവുമായി പ്രവാസിയായ പിതാവ് ആർ. ചന്ദ്രബാബുവും മാതാവ് സി.കെ. വത്സലയും ഒപ്പമുണ്ട്. കഴിഞ്ഞ ദിവസം നടന്ന മത്സ്യകൃഷി വിളവെടുപ്പ് എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 340 മുതൽ 400 ഗ്രാം വരെ വളർച്ച നേടിയ മത്സ്യങ്ങളെയാണ് വില്പനയ്ക്ക് തയ്യാറാക്കിയത്. വലിയ അളവിൽ വാങ്ങുന്നവർക്ക് 260 രൂപയ്ക്കും ചെറിയ ആവശ്യക്കാർക്ക് 350 രൂപയ്ക്കുമാണ് വിൽക്കുന്നത്. മത്സ്യകൃഷിക്കൊപ്പം ജൈവകൃഷിയും വീട്ടുവളപ്പിൽ ചെയ്യുന്നുണ്ട്.