കേരളകൗമുദി വാർത്ത തുണയായി
പുനലൂർ: പുനലൂർ പട്ടണത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന കോടതികൾ ഒരു കുടക്കീഴിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ 5 നിലയിൽ ചെമ്മന്തൂരിൽ നിർമ്മാണം പൂർത്തിയാക്കിയ കോടതി സമുച്ചയം 15ന് വൈകിട്ട് 4ന് കേരള ഹൈക്കോടതി ജഡ്ജി എ. ഹരിപ്രസാദ് നാടിന് സമർപ്പിക്കും. പുനലൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പ്രദീപ് ചന്ദ്രൻ, സെക്രട്ടറി അഡ്വ. ജെ. ബാഹുലേയൻ എന്നിവർ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പത്ത് വർഷം മുമ്പ് 3 കോടി രൂപ അനുവദിച്ച് രണ്ട് നിലയിൽ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചെങ്കിലും ഫണ്ടിന്റെ അഭാവത്തിൽ നിർമ്മാണം നിലയ്ക്കുകയായിരുന്നു. പിന്നീട് 11. 2 കോടി രൂപ കൂടി അനുവദിച്ചതോടെയാണ് 5 നിലയിൽ കോർട്ട് കോംപ്ലക്സിന്റെ നിർമ്മാണം പുന:രാരംഭിച്ചത്.
കഴിഞ്ഞ വർഷം പുനലൂരിൽ പോക്സോ കോടതി അനുവദിച്ചതിന് പുറമേ ബുധനാഴ്ച ഒരു കുടുംബ കോടതി കൂടി സർക്കാർ അനുവദിച്ചതോടെ പുനലൂർ, പത്തനാപുരം താലൂക്കുകളിലെ ജനങ്ങളുടെ ഏറെ നാളെത്തെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി. മന്ത്രി ജി. സുധാകരൻ സമർപ്പണ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. സ്ഥലം എം.എൽ.എയായ മന്ത്രി കെ. രാജു മുഖ്യാതിഥിയാകും. ജില്ലാ സെഷൻസ് ജഡ്‌ജ് പി. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പ്രദീപ് ചന്ദ്രൻ, എൻജിനിയർ ഡി. സാജൻ തുടങ്ങിയവർ സംസാരിക്കും. എം.എ.സി.ടി ജഡ്ജ് ഡോ. പി.കെ. ജയകൃഷ്ണൻ സ്വാഗതവും ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ജെ. ബാഹുലേയൻ നന്ദിയും പറയും. അഭിഭാഷകരായ പി.എ. അനസ്, ശ്രീദേവി, പി.ബി. അനിൽമോൻ, സിനി തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വിപുലമായ സൗകര്യങ്ങൾ
കോർട്ട് കോംപ്ലക്സിൽ നിരവധി കോർട്ടുകൾ, ബാർ അസോസിയേഷൻ ഹാൾ, അഭിഭാഷകർക്ക് വിശ്രമിക്കാൻ പ്രത്യേക സൗകര്യം, ഫോൺഫറൻസ് ഹാൾ, ലിഫ്ട്, പൂന്തോട്ടം, കാർ പാർക്കിംഗ് ഏരിയ തുടങ്ങിയ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വനം കോടതി, ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, സിവിൽ കോടതി, സമീപത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സബ് കോടതി, എം.എ.സി.ടി കോടതി തുടങ്ങിയവ ഉൾപ്പടെയുള്ള എല്ലാ കോടതികളും 16 മുതൽ പുതിയ കോർട്ട് കോംപ്ലക്സിൽ മാറ്റി സ്ഥാപിക്കും. ഇതോടെ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടന്ന കോടതികളിൽ വ്യവഹാരത്തിനും മറ്റും കയറിയിറങ്ങുന്നവരുടെ ബുദ്ധിമുട്ടുകൾക്ക് വലിയ അളവിൽ പരിഹാരമാവും.
മന്ത്രിയുടെ ഇടപെടൽ
കോർട്ട് കോംപ്ലക്സിൻെറ നിർമ്മാണം പൂർത്തിയാക്കാത്തതിനാൽ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് കേരള കൗമുദി നിരവധി തവണ വാർത്ത നൽകിയിട്ടുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ട സ്ഥലം എം.എൽ.എയായ മന്ത്രി കെ. രാജു കോടതി സമുച്ചയത്തിന്റെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് കരാറുകാർക്ക് കർശന നിർദ്ദശം നൽകിയിരുന്നു. മന്ത്രി കെ. രാജുവിന്റെ വിവിധ ഫണ്ടുകളിൽ നിന്ന് പല ഘട്ടങ്ങളിലായി അനുവദിച്ച തുക ഉപയോഗിച്ചാണ് കോർട്ട് കോംപ്ലക്സിൻെറ നിർമ്മാണം പൂർത്തിയാക്കിയത്. കെ.ഐ.പിയുടെ നിയന്ത്രണത്തിലായിരുന്ന ഭൂമിയിൽ നിന്ന് ആദ്യം 1.10 ഏക്കർ വസ്തു ഏറ്റെടുത്ത ശേഷമാണ് കെട്ടിട നിർമ്മാണം തുടങ്ങിയത്. പിന്നീട് കാർപാർക്കിംഗ് ഏരിയായും ചുറ്റുമതിലും അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാൻ 40 സെന്റ് ഭൂമി കൂടി ഏറ്റെടുത്തു.