souparnika-vijendra-puri

 സുരക്ഷ വർദ്ധിപ്പിക്കാൻ സംസ്ഥാന സർക്കാർ

കൊല്ലം: ഹിന്ദു ആചാര്യസഭ ദേശീയ ജനറൽ സെക്രട്ടറിയും കുണ്ടറ പെരുമ്പുഴ ശ്രീശങ്കരാചാര്യ മഠാധിപതിയുമായ സ്വാമി സൗപർണിക വിജേന്ദ്രപുരിക്ക് വധഭീഷണിയുള്ളതായി ഇന്റലിജൻസ് റിപ്പോർട്ട്. സ്വാമിക്ക് നിലവിലുള്ള സുരക്ഷ വർദ്ധിപ്പിക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്. കേന്ദ്ര ഇന്റലിജൻസിനും വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ അമർഷമുള്ളവരാണ് ഇതിനുപിന്നിലെന്നാണ് സൂചന.

ഹിന്ദുസമൂഹത്തിലെ എല്ലാ ജാതി വിഭാഗങ്ങൾക്കും തുല്യ പ്രാധാന്യം നൽകി അവരെ ആചാര്യസഭയുടെ കീഴിൽ കൊണ്ടുവരാൻ വർഷങ്ങളായി അശ്രാന്ത പരിശ്രമത്തിലാണ് സ്വാമി വിജേന്ദ്രപുരി. മറ്റ് സംഘടനകളിൽ പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിരുന്നവർ ആചാര്യസഭയിലേക്ക് വരുന്നതിലും അവരെ സ്വാമി സംരക്ഷിക്കുന്നതിലും ആചാര്യസഭയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ സ്വീകാര്യത കിട്ടുന്നതിലും അസ്വസ്ഥരായവരാണ് ഭീഷണിക്ക് പിന്നിലെന്ന് കരുതുന്നു.

കേരളത്തിൽ ശങ്കരാചാര്യ മഠത്തിന് മൂന്ന് ലക്ഷത്തിലേറെ അനുയായികളുണ്ട്. അടുത്തിടെ പാലക്കാട്, ഗുരുവായൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ സ്വാമി വിശ്വാസികളുടെ യോഗം വിളിച്ചുചേർത്തിരുന്നു. ഈ യോഗങ്ങളിൽ സ്വാമി ഉന്നയിച്ച ഏകീകരണ കാഴ്ചപ്പാടിന് വലിയ സ്വീകാര്യത്യയാണ് ലഭിച്ചത്. ദക്ഷിണേന്ത്യയിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീർശെൽവവുമായി സ്വാമി കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ആന്ധ്രയിലെ വൈ.എസ്.ആർ കോൺഗ്രസ് ജനറൽ സെക്രട്ടറിയും വിജയവാഡ എം.എൽ.എയുമായ വിഷ്ണു മല്ലാഡി, ആന്ധ്രാപ്രദേശ് സ്പീക്കർ കോന രഘുപതിറാവു എന്നിവരുമായും കൂടിക്കാഴ്ച നടത്തി ദക്ഷിണേന്ത്യയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നു.

 സന്യാസി സംഗമം പ്രതിഷേധിക്കും

ഹിന്ദു ആചാര്യസഭയുടെ നേതൃത്വത്തിൽ 27, 28 തീയതികളിൽ ആന്ധ്രയിലെ വിജയവാഡയിൽ ദക്ഷിണഭാരതത്തിലെ സന്യാസിമാരുടെ സംഗമം നടക്കും. കേന്ദ്ര,സംസ്ഥാന മന്ത്രിമാർ, ജഡ്ജിമാർ, അഭിഭാഷകർ, വിവിധ ഹൈന്ദവ സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുന്ന സംഗമത്തിൽ സ്വാമിക്കെതിരായ ഗൂഢനീക്കത്തിനെതിരെ ആചാര്യസഭ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തും. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്ന കാര്യത്തിലും തീരുമാനമെടുക്കും.