saam-k
ജില്ലാ പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലാതല ഗ്രാമസഭ പ്രസിഡന്റ് സാം കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവർക്ക് ജില്ലാ പഞ്ചായത്തിന്റെ ജീവനം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുലക്ഷം രൂപ സാമ്പത്തിക സഹായം നൽകുമെന്ന് പ്രസിഡന്റ് സാം.കെ.ഡാനിയേൽ. ജില്ലാ പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലാ തല ഗ്രാമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനം പദ്ധതി കൂടുതൽ ആശുപത്രികളിലേയ്ക്ക് വ്യാപിപ്പിക്കും. നെടുങ്ങോലം രാമറാവു ഹോസ്പിറ്റലിനെ കൂടി പദ്ധതിയുടെ ഭാഗമാക്കും. ജില്ലാ ആശുപത്രിയിൽ മൂന്ന് ഷിഫ്ടുകളിലായി നൽകുന്ന സൗജന്യ ഡയാലിസിസ് നാല് ഷിഫ്ടുകളായി മാറ്റും. വൃക്ക സ്വീകരിക്കുന്നവരുടെ തുടർ ചികിത്സ ഉറപ്പാക്കും. ഓപ്പൺ ജിംനേഷ്യങ്ങളുടെ നിർമ്മാണം എല്ലാ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും നടപ്പാക്കും. ഗ്രാമപഞ്ചായത്തുകൾക്ക് ജല ജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ അധിക തുക ജില്ലാ പഞ്ചായത്ത് വിഹിതമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വൈസ് പ്രസിഡന്റ് സുമലാൽ അദ്ധ്യക്ഷയായി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെ.നജീബത്ത് സ്വാഗതം പറഞ്ഞു. വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളിലെ കരട് നിർദ്ദേശങ്ങൾ സെക്രട്ടറി കെ. പ്രസാദ് അവതരിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ പി.കെ. ഗോപൻ, അനിൽ.എസ്.കല്ലേലിഭാഗം, വസന്ത രമേശ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.