കൊല്ലം: തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ ആനുകൂല്യങ്ങൾ വർഷങ്ങളായി മുടങ്ങിയതിൽ പ്രതിഷേധിച്ച് ആൾ കേരളാ ടെയ്ലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. നിറുത്തലാക്കിയ കുടുംബ പെൻഷൻ പുനസ്ഥാപിക്കണം, മുടങ്ങിക്കിടക്കുന്ന പ്രസവ ധനസഹായം, പെൻഷൻ കുടിശിക എന്നിവ വിതരണം ചെയ്യണം, ഡെപ്യൂട്ടേഷൻ നിറുത്തലാക്കി ബോർഡ് നേരിട്ട് നിയമനം നടത്തണം, അംശാദായ വർദ്ധനവിന് അനുസരിച്ച് സർക്കാർ വിഹിതം വർദ്ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു പ്രതിഷേധം.
സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി. ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജി. സജീവൻ, പ്രസിഡന്റ് സരസ്വതി അമ്മാൾ, ട്രഷറർ എസ്. പശുപാലൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. ഷാജി, നൂർജഹാൻ, ജില്ലാ ജോ. സെക്രട്ടറി അരവിന്ദാക്ഷൻ തുടങ്ങിയവർ സംസാരിച്ചു. ആവശ്യങ്ങളുന്നയിച്ച് ജനറൽ സെക്രട്ടറി ജില്ലാ കളക്ടർക്ക് നിവേദനവും നൽകി.