mini
മിനി വ്യവസായ എസ്‌റ്റേറ്റ്

കുന്നിക്കോട് : തലവൂർ പഞ്ചായത്തിലെ നടുത്തേരി മിനി വ്യവസായ എസ്‌റ്റേറ്റ് നവീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. ഗോഡൗൺ പോലുള്ള ഈ പഴയ കെട്ടിടത്തിലെത്തുന്ന വ്യവസായ സംരംഭകരെ കാത്തിരിക്കുന്നത് അസൗകര്യങ്ങളുടെ പട്ടിക മാത്രം. കുറഞ്ഞ വാടകയ്ക്ക് മുറി കിട്ടുമെന്നത് മാത്രമാണ് സംരംഭകർക്കുള്ള ഏകആശ്വാസം. മുൻപ് വന്നുപെട്ടുപോയ രണ്ടോ മൂന്നോ ചെറുകിട വ്യവസായ യൂണിറ്റുകളുടെ പ്രവർത്തനം മാത്രമേ ഇപ്പോൾ ഇവിടെ നടക്കുന്നുള്ളൂ. മുറിയെടുത്തവർ എന്തെങ്കിലും വ്യവസായ സംരംഭങ്ങൾ ഇവിടെ നടത്തുന്നുണ്ടോയെന്ന് ഗ്രാമ,​ ജില്ലാ പഞ്ചായത്തുകാർ തിരക്കാറില്ല. ലക്ഷങ്ങൾ ചെലവിട്ട് ജില്ലാ പഞ്ചായത്താണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. 1995ലാണ് പ്രവർത്തനം ആരംഭിച്ചത്. അഞ്ചു വർഷം മുമ്പ് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിയുടെ പേരിൽ ലക്ഷങ്ങൾ ചെലവാക്കിയിരുന്നു.

വാതിൽ പോലുമില്ലാത്ത ടോയ്ലറ്റുകൾ

വാതിൽ പോലുമില്ലാത്ത ഇവിടത്തെ ടോയ്ലറ്റുകൾ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് ജോലിക്കെത്തുന്നർ ചോദിക്കുന്നു. നിലവിലെ സാഹചര്യത്തിൽ ഇവിടെ ജോലിക്കെത്തുന്നതിൽ കൂടുതലും സ്ത്രീകളാണ്. അവരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത്. കിണറും പമ്പുമൊക്കെ ഉണ്ടെങ്കിലും യാതൊരും പ്രയോജനവുമില്ല. കിണർ കാട് മൂടി ജലം മലിനമായ അവസ്ഥയിലാണ്. പമ്പ് തുരുമ്പെടുക്കുകയും പൈപ്പും ടാങ്കും ഉപയോഗ ശൂന്യമാവുകയും ചെയ്തിട്ടുണ്ട്.

സാമൂഹ്യ വിരുദ്ധ ശല്യം

അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത മിനി വ്യവസായ എസ്‌റ്റേറ്റ് ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്ന ആവശ്യം അധികൃതർ അവഗണിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. സ്ഥലം കൈയേറ്റ ഭീഷണിയിലാണ്. സാമൂഹ്യ വിരുദ്ധ ശല്യവും വ്യാപകമാണ്. കിണറ്റിലും പറമ്പിലും ഒഴിഞ്ഞ മദ്യക്കുപ്പികളുടെ കൂമ്പാരമാണ്.

കൊയ്ത്ത് മെതിയന്ത്രം

ലക്ഷങ്ങൾ ചെലവിട്ട് പഞ്ചായത്തിനായി വാങ്ങിയ കൊയ്ത്ത് മെതിയന്ത്രം പ്രവർത്തിക്കില്ലെങ്കിലും ഇത് ഉപേക്ഷിക്കാൻ മിനി വ്യവസായ എസ്റ്റേറ്റിന്റെ സ്ഥലമാണ് പഞ്ചായത്ത് അധികൃതർ കണ്ടെത്തിയത്. പരിസരം കാടുമൂടിക്കഴിഞ്ഞതിനാൽ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.

1995ലാണ് പ്രവർത്തനം ആരംഭിച്ചത്.