plastic
വടക്കേവിള കാഞ്ഞാങ്കാട് ഗിരിജമുക്ക് റോഡിലെ വീടിന് മുന്നിൽ ചാക്കുകളിൽ നിറച്ച് സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യം തെരുവുനായ്ക്കൾ കടിച്ചുകീറിയ നിലയിൽ

 മാലിന്യം ദിവസേന നീക്കം ചെയ്യാത്തത് വിനയാകുന്നു

കൊല്ലം: ഹരിത കർമ്മസേനാംഗങ്ങൾ വീടുകളിൽ നിന്ന് ശേഖരിച്ച് ചാക്കുകളിൽ പാതയോരങ്ങളിൽ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യം തെരുവുനായ്ക്കൾ കടിച്ചുകീറി നാട്ടുകാർക്ക് കൂടുതൽ ദുരിതം സൃഷ്ടിക്കുന്നു. സംസ്കരണത്തിനായി നഗരസഭാ ആരോഗ്യവിഭാഗം റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററുകളിലേക്ക് (ആർ.ആർ.എഫ്) മാലിന്യം ദിവസേന മാറ്റാത്തതാണ് പ്രശ്നം.

നഗരത്തിൽ നിലവിൽ 155 ഹരിതകർമ്മ സേനാ അംഗങ്ങളാണുള്ളത്. ഇവർ ഓരോ പ്രദേശത്തെയും വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ചാക്കുകളിലാക്കി തൊട്ടടുത്ത് റോഡ് വക്കിൽ സൂക്ഷിക്കും. നഗരസഭയുടെ ലോറിയെത്തിയാണ് ഇവ ആർ.ആർ.എഫുകളിലേക്ക് കൊണ്ടുപോകുന്നത്. ഒരുദിവസം കുറഞ്ഞത് നൂറ് കേന്ദ്രങ്ങളിലെങ്കിലും ഇങ്ങനെ പ്ലാസ്റ്റിക് സംഭരിക്കും. ഇത് ആർ.ആർ.എഫിലേക്ക് കൊണ്ടുപേകാൻ ആകെ ഒരു ലോറിയാണുള്ളത് പല സ്ഥലങ്ങളിലും രണ്ട് മൂന്നും ദിവസം കഴിഞ്ഞാണ് ലോറിയെത്തുന്നത്. അപ്പോഴേക്കും തെരുവുനായ്ക്കൾ ചാക്കുകൾ കടിച്ചുകീറി പ്ലാസ്റ്റിക് സ്ഥലത്താകെ വ്യാപിച്ചിരിക്കും.

 മിനി എം.സി.എഫുകൾ തുരുമ്പെടുക്കുന്നു

വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം ആർ.ആ‌ർ.എഫുകളിലേക്ക് കൊണ്ടുപോകുന്നതിന് മുന്നോടിയായി സംഭരിക്കാൻ സ്ഥാപിച്ച മിനി എം.സി.എഫുകൾ (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) തുരുമ്പെടുത്ത് നശിക്കുന്നു. ആറ് മാസം മുൻപ് ഇരുന്നൂറോളം ഇരുമ്പ് കൂടുകളാണ് മിനി എം.സി.എഫുകളായി സ്ഥാപിച്ചത്. ഇതിൽ ഒന്നുപോലും ഇതുവരെ ഉപയോഗിച്ചിട്ടില്ല. പലയിടത്തും ഇവയ്ക്ക് മുകളിലൂടെ കാടുവളർന്ന് ഇഴജന്തുക്കൾ താവളമാക്കിയിരിക്കുകയാണ്.

മിനി എം.സി.എഫുകൾ ഉപയോഗിക്കാൻ നഗരസഭ തയ്യാറായാൽ റോഡുവക്കിൽ ചാക്കുകളിലാക്കി പ്ലാസ്റ്റിക് സൂക്ഷിക്കേണ്ടി വരില്ല. പുതിയ ആർ.ആർ.എഫിന്റെ നിർമ്മാണം പൂർത്തിയായ ശേഷമേ ഇവ ഉപയോഗിക്കൂ എന്ന നിലപാടിലാണ് നഗരസഭാ അധികൃതർ. അതിനിനിയും ആറ് മാസമെങ്കിലും കാത്തിരിക്കേണ്ടി വരും.