കൊല്ലം: വയസ് മുപ്പത്തിരണ്ടായെങ്കിലും നിരത്തിലെ കുതിപ്പിൽ ഒരു കിതപ്പും കാണിക്കാറില്ല ഫീയറ്റ് പ്രീമിയർ പത്മിനി!. അതുകൊണ്ട് തന്നെ 20 വർഷം പ്രായമുള്ള സ്വകാര്യ വാഹനങ്ങൾ പൊളിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ നെഞ്ച് പൊള്ളുന്നവരിൽ ഒരാളാണ് അമ്പാടി ജഗന്നാഥ്.
എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പറും കൊല്ലം ഫാസ് ഭരണസമിതി അംഗവും പട്ടത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ജനറൽ സെക്രട്ടറിയുമായ അമ്പാടി ജഗന്നാഥിന്റെ ഇഷ്ടവാഹനമാണ് ഫിയറ്റ് പ്രീമിയർ പത്മിനി. തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള കെ.സി.വി 377 പ്രീമിയർ പത്മിനി ഇന്നും ഷോറും കണ്ടീഷനിലാണ്.
പിതാവായ സി.എൻ.വിജയൻ എൽ.ഐ.സി ഡെപ്യൂട്ടി സോണൽ മാനേജർ പ്രിൻസിപ്പലായി സേലത്ത് ജോലി ചെയ്തിരുന്നപ്പോൾ 1989 ഫെബ്രുവരി 9നാണ് പത്മിനി സ്വന്തമാക്കിയത്. 1992ൽ അദ്ദേഹം ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ കാർ മകന് സ്നേഹ സമ്മാനമായി നൽകി. അന്നുമുതൽ ഇന്നുവരെ പത്മിനിക്ക് ഒരു കുറവും വരുത്തിയിട്ടില്ല.
വിന്റേജ് കാർ എന്ന നിലയിൽ പത്മിനിയോട് ഭാര്യ സീമ ജഗന്നാഥിനും മക്കളായ അതുൽ കൃഷ്ണയ്ക്കും അജിൽ കൃഷ്ണയ്‌ക്കും ഏറെ പ്രിയമാണ്. 1089 സി.സിയിൽ 47 ബി.എച്ച്.പിയും 71 എൻ.എം ടോർക്കുമാണ് പത്മിനിയുടെ കരുത്ത്.
നിരത്തിൽ കിതയ്ക്കാത്ത ഹീറോ
പത്മിനിയെ അണിയിച്ചൊരുക്കാൻ ഇത്തിരി കാശ് ചെലവായെങ്കിലും ആളിപ്പോൾ വളരെ കൂളാണ് !.. നാളിതുവരെ വർക്ക്ഷോപ്പിന്റെ പടി കടന്നിട്ടില്ല. സർവീസ് ഉൾപ്പെടെ വീട്ടിൽ തന്നെ. ദ്രവിച്ച് പോകാൻ സാദ്ധ്യതയുള്ള പാർട്സുകൾ മാറ്റി പിത്തള തകിടിൽ രൂപപ്പെടുത്തിയാണ് അണിയിച്ചിരിക്കുന്നത്. നിരത്തിലിറങ്ങിയാൽ വാഹനപ്രേമികൾ പിന്നാലെ കൂടും. പാതയോരത്ത് നിറുത്തിയിട്ടാൽ പത്മിനിക്കൊപ്പം സെൽഫിയെടുക്കാനും തിരക്കാണ്. അന്നും ഇന്നും പത്മിനി എല്ലാവരുടെയും ഹീറോയാണ്.
മനസ് കീഴടക്കി നസീറും പത്മിനിയും
അനശ്വര താരം പ്രേം നസീറിന്റെ ഇഷ്ട വാഹനമാണ് ഫിയറ്റിന്റെ പ്രീമിയർ പത്മിനി. അദ്ദേഹത്തിനൊപ്പം നിരവധി സിനിമകളിൽ ഫിയറ്റും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നസീറിനോടുള്ള ആരാധന തന്നെയാണ് പത്മിനിയെയും അമ്പാടി ജഗന്നാഥൻ ഇത്രകണ്ട് സ്നേഹിക്കാൻ കാരണം.
രാജ്യത്ത് 15 വർഷം പൂർത്തിയായ വാഹനങ്ങൾ: 80 ലക്ഷം