കരുനാഗപ്പള്ളി: റോഡുവക്കിലെ മേൽമൂടിയില്ലാത്ത ഓടകൾ മരണക്കെണിയാവുന്നു. കരുനാഗപ്പള്ളിയിലെ വിവിധ റോഡുകളുടെ വശങ്ങളിലാണ് മൂടിയില്ലാത്ത ഓടകൾ നിർമ്മിച്ചിട്ടുള്ളത്. വീതികുറഞ്ഞ റോഡുകളുടെ വശങ്ങളിൽ നിർമ്മിച്ചിട്ടുള്ള ഓടകളാണ് കാൽനടയാത്രക്കാർക്കുപോലും വിനയാകുന്നത്. നിലവിൽ ഗ്രാമീണ റോഡുകൾ പോലും നിർമ്മിക്കുന്നത് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ്. നിരപ്പായ റോഡിലൂടെ അമിത വേഗതയിലാണ് വാഹനങ്ങൾ പായുന്നത്. വാഹനങ്ങൾ വരുന്നതുകണ്ട് റോഡിന്റെ സൈഡിലേക്ക് മാറുന്ന കാൽനട യാത്രക്കാർ രാത്രിയിൽ ഒാടയിലേക്ക് വീണ് അപകടം പറ്റുന്നത് പതിവാണ്. തിരക്കുള്ള റോഡുകളിൽ വെള്ളക്കെട്ട് ഒഴിവാക്കാനായി ഓടകൾ നിർമ്മിക്കുമ്പോൾ കോൺക്രീറ്റ് സ്ലാബുകൾ കൂടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടാറുണ്ട്.
അപകടം തൊട്ടടുത്ത്
മേൽമൂടിയില്ലാത്ത ഓടയുടെ മുകളിലേക്ക് പുല്ലുകൾ വളർന്ന് കയറുമ്പോൾ ഓട തീരെ കാണാനാവാത്ത സ്ഥിതിയിലാകും. വേനൽ കടുത്തതോടെ നഗരസഭയും ഗ്രാമ പഞ്ചായത്തുകളും മുൻകൈയെടുത്ത് റോഡിന്റെ വശങ്ങളിലുള്ള പുല്ലുകൾ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ചെത്തി മാറ്റിത്തുടങ്ങി. പുല്ലുകൾ ചെത്തി മാറ്റിയതിനാൽ യാത്രക്കാർക്ക് ഓടകൾ വ്യക്തമായി കാണാം. ഇപ്പോൾ അപകടങ്ങളും കുറഞ്ഞിട്ടുണ്ട്. മഴക്കാലം തുടങ്ങുമ്പോഴേക്കും സ്ഥിതി വീണ്ടും മാറും. മൺസൂൺ ആരംഭിക്കുന്നതിന് മുമ്പായി ഓടകളിൽ കോൺക്രീറ്റ് സ്ലാബുകൾ ഇടുന്നതിനുള്ള നടപടി ബന്ധപ്പെട്ട അധികൃതർ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
യാത്രക്കാരുടെ ആവശ്യം
റോഡുകളുടെ പുനരുദ്ധാരണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ ഓടകൾക്ക് മീതേ കോൺക്രീറ്റ് സ്ലാബുകൾ കൂടി സ്ഥാപിക്കാൻ എസ്റ്റിമേറ്റിൽ തുക ഉൾക്കൊള്ളിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ഇത്തരത്തിൽ കോൺക്രീറ്റ് സ്ലാബുകൾ കൂടി സ്ഥാപിച്ചാൽ രാത്രി സമയത്തുണ്ടാകുന്ന അപകടങ്ങൾ കുറയുമെന്ന് പ്രദേശവാസികൾ പറയുന്നു.