ശാസ്താംകോട്ട: പൈപ്പ് റോഡിന്റെ നവീകരണത്തിന് പദ്ധതികളുണ്ടാകാത്തതിൽ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. ശാസ്താംകോട്ട മുതൽ ചവറയിലെ ടൈറ്റാനിയം ജംഗ്ഷൻ വരെ 10. 5 കിലോമീറ്റർ ദൈർഘ്യമുള്ള പൈപ്പ് റോഡ് വി.എസ് സർക്കാരിന്റെ അവസാന കാലത്താണ് ടാർ ചെയ്ത് നാടിന് സമർപ്പിച്ചത്. പിന്നീട് അറ്റകുറ്റപ്പണി നടത്താതായതോടെ റോഡ് പൂർണമായും തകർന്നു. ശാസ്താംകോട്ടയിലെ ജലശുദ്ധീകരണ ശാലയിൽ നിന്ന് കൊല്ലം നഗരത്തിലേക്ക് കുടിവെള്ളം കൊണ്ടു പോകുന്നതിനായി സ്ഥാപിച്ച കൂറ്റൻ പൈപ്പുകൾക്ക് സമാന്തരമായിട്ടുള്ളതാണ് പൈപ്പ് റോഡ്. 15 മീറ്ററിലധികം വീതിയുള്ള റോഡിൽ 3 മീറ്റർ വീതിയിൽ മാത്രമാണ് ടാർ ചെയ്തിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നേരത്തേ ശാസ്താംകോട്ട മുതൽ ആഞ്ഞിലിമൂട് വരെയുള്ള റോഡു നവീകരിക്കാൻ നടപടി തുടങ്ങിയെങ്കിലും ജല അതോറിറ്റിയുടെ എതിർപ്പുമൂലം ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. നാട്ടിലെ ഒട്ടുമിക്ക റോഡുകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറുമ്പോഴും രണ്ടു നിയോജക മണ്ഡലത്തിലൂടെ കടന്ന് പോകുന്ന പൈപ്പ് റോഡിനെ അധികൃതർ ബോധപൂർവം അവഗണിക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
2010ലാണ് റോഡ് ടാർ ചെയ്തത്
പൈപ്പ് റോഡ് വികസന സമിതിയുടെ നേതൃത്വത്തിൽ പതിറ്റാണ്ടുകളായി നടത്തിയ പരിശ്രമങ്ങളുടെ ഫലമായി 2010ലാണ് റോഡ് ടാർ ചെയ്തത്. പൈപ്പ് റോഡ് നവീകരിച്ചാൽ ശാസ്താംകോട്ട - ചവറ പ്രധാന പാതയിലെ ജനത്തിതിരക്കും വാഹനാപകടങ്ങളും കുറയും. പന്മന, തേവലക്കര, മൈനാഗപ്പള്ളി, ശാസ്താംകോട്ട പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലേക്കെത്താൻ ആയിരക്കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന റോഡുകൂടിയാണിത്.
ശാസ്താംകോട്ട മുതൽ മൈനാഗപ്പള്ളി വരെ 3 കിലോമീറ്റർ ദൂരത്തിൽ പൈപ്പ് റോഡ് നവീകരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ പ്രത്യേക ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ടെൻഡർ നടപടി പൂർത്തീകരിച്ചു.
കോവൂർ കുഞ്ഞുമോൻ എം.എൽ.എ
ശാസ്താംകോട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന പൈപ്പ് റോഡിന്റെ ഭാഗങ്ങളുടെ നവീകരണത്തിന് സാദ്ധ്യമായതെല്ലാം ചെയ്യും.
അഡ്വ. അൻസർ ഷാഫി, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
പൈപ്പ് റോഡ് കടന്നു പോകുന്ന പഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തിന്റെയും വിഹിതം കൂടി ഉൾപ്പെടുത്തി റോഡ് നവീകരണത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ ചെയ്യും.
സന്തോഷ് തുപ്പാശ്ശേരിൽ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
രണ്ട് നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന പൈപ്പ് റോഡിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് പൊതുജനങ്ങളെ അണിനിരത്തി യൂത്ത് കോൺഗ്രസ് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും
ആർ. അരുൺരാജ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്