
കുണ്ടറ: മുളവനയിൽ രണ്ട് സ്ത്രീകളുൾപ്പെടെ പതിന്നാലുപേർക്ക് തെരുവുനായയുടെ കടിയേറ്റു. പള്ളിമുക്ക്, ചൊക്കംകുഴി, പള്ളിയറ, ഇടമല ഭാഗങ്ങളിലാണ് വഴിയാത്രക്കാർക്ക് നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. നിരവധി വളർത്തുമൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്.
ബുധനാഴ്ച വൈകിട്ടും വ്യാഴാഴ്ചയുമായിരുന്നു തെരുവുനായയുടെ ആക്രമണം. പേരയം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ. അജിത്കുമാർ, മോഹനൻപിള്ള, ഇടമല സ്വദേശി പൊടിയൻ, ശശി, ഉദയൻ, കോട്ടപ്പുറം സ്വദേശി രാകേഷ്, രാകേഷിന്റെ അമ്മ മറിയക്കുട്ടി എന്നിവർക്കും മറ്റ് രണ്ടുപേർക്കുമാണ് നായയുടെ കടിയേറ്റത്. സ്കൂട്ടർ യാത്രയ്ക്കിടെയാണ് അജിത്കുമാറിന് കടിയേറ്റത്.
പരിക്കേറ്റവർ താലൂക്ക് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും ചികിത്സതേടി. പ്രദേശങ്ങളിൽ കുന്നുകൂടുന്ന അറവുമാലിന്യമാണ് തെരുവുനായ ശല്യം രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.