adharam

 ഓൺലൈൻ വസ്‌തുവിവരങ്ങളിൽ പിഴവ്

കൊല്ലം: വില്ലേജ് ഓഫീസുകളിലെ പോക്കുവരവ് ഇത്ര പൊല്ലാപ്പാണെന്ന് മാസങ്ങളായി കയറിയിറങ്ങി മടുത്തതോടെയാണ് പലർക്കും മനസിലായത്.

സേവനങ്ങൾ ഓൺലൈനാക്കുന്നതിന് നടത്തിയ ഡാറ്റാ എൻട്രിയിലുണ്ടായ പിഴവാണ് പലരെയും വട്ടം കറക്കുന്നത്.

ജില്ലയിലെ മിക്ക വില്ലേജുകളിലും ഇതാണ് അവസ്ഥ. വസ്‌തുവിവരങ്ങൾ സെർവറിൽ സൂക്ഷിക്കുന്നതിന് ഡാറ്റ എൻട്രി നടത്തിയത് ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്തവരാണ്. സർവേ നമ്പർ, വസ്തുവിന്റെ വിസ്തൃതി എന്നിവയിലെല്ലാം പിഴവുണ്ടായിട്ടുണ്ട്. ഓൺലൈനിൽ കരമൊടുക്കാൻ സാധിക്കാത്തവർ വില്ലേജ് ഓഫീസിൽ നേരിട്ടെത്തിയാലും നടക്കാത്ത അവസ്ഥയാണ്.

രസീത് എഴുതി കരം വാങ്ങുന്ന രീതി ഒഴിവാക്കിയതിനാൽ പിന്നീട് അതാത് താലൂക്ക് ഓഫീസുകളുമായി ബന്ധപ്പെട്ടാൽ മാത്രമേ പോക്കുവരവ് ഉൾപ്പെടെയുള്ളവ നടത്താനാകൂ. ഇതിനായി മാസങ്ങളോളം കയറിയിറങ്ങണം. ഒന്ന് മുതൽ മൂന്നുമാസം മുൻപ് വരെ രജിസ്റ്റർ ചെയ്ത പ്രമാണങ്ങൾ പോക്കുവരവ് നടത്താത്ത വില്ലേജുകളുമുണ്ട്. ഇതോടെ സാധാരണക്കാരുടെ അത്യാവശ്യങ്ങളാണ് വഴിയാധാരമായത്.

 പോക്കുവരവിന് വേണ്ടത് ഒരാഴ്ച


വസ്തുവിന്റെ പ്രമാണം രജിസ്റ്റർ ചെയ്ത് പരമാവധി ഒരാഴ്ചയ്ക്കുള്ളിൽ പോക്കുവരവ് നടത്തി കരമൊടുക്കാൻ കഴിയും. സബ്‌രജിസ്ട്രാർ ഓഫീസിൽ നിന്ന് പ്രമാണം സ്കാൻ ചെയ്ത് അതായത് വില്ലേജ് ഓഫീസുകളിലേക്ക് അയയ്ക്കുകയാണ് പതിവ്. ഇത് രണ്ട് ദിവസത്തിനുള്ളിൽ സാദ്ധ്യമാകുന്നുണ്ട്. എന്നാൽ വില്ലേജ് ഓഫീസുകളിൽ ഇവ പരിശോധിച്ച് നടപടി സ്വീകരിക്കാൻ താമസം നേരിടുകയാണ്. സർവേ നമ്പറിലോ മറ്റോ ആശയക്കുഴപ്പമുണ്ടായാൽ വസ്തു ക്രയവിക്രയം നടത്തിയവരുടെ ഫോൺ നമ്പറും പ്രമാണത്തിനൊപ്പം രജിസ്ട്രാർ ഓഫീസിൽ നിന്ന് അയക്കാറുണ്ട്. എന്നാൽ ഈ നമ്പരുകളിൽ ബന്ധപ്പെടാൻ അധികൃതർ തയ്യാറാകുന്നില്ല.

"

താലൂക്ക് ഓഫീസുകളിൽ വസ്തു വാങ്ങിയവർ ബന്ധപ്പെടാതെ തന്നെ വില്ലേജ് അധികൃതർക്ക് പോക്കുവരവ് നടത്താൻ സാധിക്കും. ആശയക്കുഴപ്പം പരിഹരിക്കാൻ വില്ലേജിൽ നിന്ന് താലൂക്കിലേക്ക് അറിയിച്ചാൽ മാത്രം മതിയാകും. ഓൺലൈൻ വിവരങ്ങളിലെ തെറ്റുകൾ ഇത്തരത്തിൽ വളരെവേഗം പരിഹരിക്കാം. എന്നാൽ നടപടി സ്വീകരിക്കാതെ വസ്തു ക്രയവിക്രയം നടത്തിയവരെ ബുദ്ധിമുട്ടിക്കുകയാണ് അധികൃതർ.

ആധാരം എഴുത്തുകാർ