
കൊല്ലം: സെക്കൻഡ് ഹാൻഡ് സാധനങ്ങൾ വിൽക്കുന്നതിനുള്ള ഓൺലൈൻ പോർട്ടലുകൾ കേന്ദ്രീകരിച്ച് തട്ടിപ്പ് വ്യാപമാകുന്നു. സാധനങ്ങൾ വിറ്റവരും വാങ്ങിയവരും വാങ്ങാൻ ശ്രമിക്കുന്നവരും ഒരേപോലെ കബിളിപ്പിക്കപ്പെടുകയാണ്.
സൈബർ സെല്ലിന് നിരന്തരം പരാതി ലഭിക്കുന്നുണ്ടെങ്കിലും പ്രതികളിലേയ്ക്ക് എത്താനാകുന്നില്ലെന്നതാണ് യാഥാർത്ഥ്യം. വിൽക്കാൻ ഉദ്ദേശിക്കുന്ന സാധനത്തിന്റെ ഫോട്ടോ പോർട്ടലിലിട്ടാണ് ഉപഭോക്താക്കളെ തെരയുന്നത്. വാങ്ങാൻ താത്പര്യമുള്ളവർ ഫോൺ മുഖാന്തിരമോ ഓൺലൈൻ ചാറ്റിലൂടെയോ ഇടപാട് ഉറപ്പിക്കാറാണ് പതിവ്. മുൻകൂട്ടി പറയുന്ന സ്ഥലത്ത് വച്ച് സാധനം കൈമാറാമെന്ന ധാരണയിലെത്തും. ഇത്തരത്തിൽ കച്ചവടമുറപ്പിച്ച ശേഷം ബൈക്ക് വാങ്ങാൻ ചെന്ന യുവാക്കളിൽ നിന്ന് പണം പിടിച്ചുപറിച്ച സംഭവവുമുണ്ടായിട്ടുണ്ട്.
സൈനികരുടെ പേരിലും തട്ടിപ്പ്
പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിലെ ജവാന്മാരുടെ പേരിലും തട്ടിപ്പ് നടക്കുന്നുണ്ട്. സ്ഥലം മാറി പോകുന്നതിനാൽ ബൈക്ക് വിൽക്കുകയാണെന്ന് പറഞ്ഞാണ് ഓൺലൈൻ അക്കൗണ്ടുകളിൽ ഇടപാടുകാരെ തെരയുന്നത്. നേരിട്ട് കൊണ്ടുവരാൻ കഴിയാത്തതിനാൽ സ്ഥലത്ത് ബൈക്കെത്തിക്കാൻ പകുതി തുക അഡ്വാൻസായി ആവശ്യപ്പെടും. തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച് കഴിഞ്ഞാലുടൻ ഓൺലൈൻ പോർട്ടലിൽ ഇടപാടുകാരുടെ വിവരങ്ങൾ അപ്രത്യക്ഷമാകും. പിന്നെ ഫോണിൽ ബന്ധപ്പെട്ടാലും കിട്ടില്ല. ഇത്തരം തട്ടിപ്പ് വ്യാപകമായി നടക്കുന്നുണ്ടെന്ന് സൈബർ സെൽ അധികൃതർ പറയുന്നു.
ഇടപാട് കഴിഞ്ഞാൽ അക്കൗണ്ട് അപ്രത്യക്ഷം
സെക്കൻഡ് ഹാൻഡായി വാങ്ങുമ്പോൾ കാഴ്ചയിൽ കുഴപ്പമില്ലാതിരുന്ന ഫോണുകൾ ദിവസങ്ങൾക്കുള്ളിൽ കേടാവുകയാണെന്ന പരാതിയും വ്യാപകമാണ്. സാധനം തിരിച്ചുനൽകി പണം വാങ്ങാൻ പഴയ ഉടമയെ ഫോണിൽ ബന്ധപ്പെടുമ്പോൾ നമ്പർ നിലവിലില്ലെന്ന അറിയിപ്പാണ് ലഭിക്കുക. മൊബൈൽ ഫോൺ വാങ്ങിയ ശേഷം കള്ളനോട്ട് നൽകിയ സംഭവവും ജില്ലയിലുണ്ടായിട്ടുണ്ട്. ഇടപാട് കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ തന്നെ തന്ത്രപരമായി പോർട്ടലിൽ നിന്ന് ഇവരുടെ അക്കൗണ്ടും മറ്റ് വിവരങ്ങളും പൂർണമായും നീക്കും. പിന്നീട് അടുത്ത അക്കൗണ്ട് തുടങ്ങി തട്ടിപ്പ് തുടരാറാണ് പതിവ്.
''
പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞാണ് ഓൺലൈൻ സൈറ്റിൽ ബുള്ളറ്റ് വിൽക്കാനിട്ടത്. ഫോണിലൂടെ ഇടപാട് ഉറപ്പിച്ചപ്പോൾ ബൈക്ക് പായ്ക്ക് ചെയ്യാനെന്ന് പറഞ്ഞ് അയ്യായിരം രൂപ ആവശ്യപ്പെട്ടു. അക്കൗണ്ട് വഴി നൽകി. ഇതിന് ശേഷം ബൈക്ക് രജിസ്റ്റർ ചെയ്യാനെന്ന പേരിൽ അധാർ കാർഡിന്റെ പകർപ്പും ഫോട്ടോയും ആവശ്യപ്പെട്ടു. പിന്നീട് ആർ.സി ബുക്കിന്റെ പകർപ്പ് വാട്സ് അപ്പിൽ അയച്ചു തന്നു. ഇതോടെ വിശ്വാസം തോന്നി. വീണ്ടും പല തവണയായി 73000 രൂപ വാങ്ങി. പിന്നീട് ബന്ധപ്പെട്ടപ്പോഴെല്ലാം പരസ്പര ബന്ധമില്ലാത്ത നിലയിലാണ് പ്രതികരിക്കുന്നത്.
സഞ്ചു (കന്റോൺമെന്റ്)