raju

കൊല്ലം: മൂന്ന് തവണ എം.എൽ.എ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നവരെ ഒഴിവാക്കാൻ സി.പി.ഐ സംസ്ഥാന കൗൺസിൽ തീരുമാനിച്ചതിനാൽ ഇക്കുറി ജില്ലയിലെ രണ്ട് പ്രധാന നേതാക്കൾ മത്സര രംഗത്തുണ്ടാവില്ലെന്ന് ഉറപ്പായി.
ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ചടയമംഗലം എം.എൽ.എയും മുൻകൃഷി മന്ത്രിയുമായ മുല്ലക്കര രത്‌നാകരൻ, ഇപ്പോഴത്തെ വനം -ക്ഷീരവികസന വകുപ്പ് മന്ത്രി കെ.രാജു എന്നിവരാണ് മത്സര രംഗത്തുനിന്ന് മാറുന്നത്. പുനലൂർ എം.എൽ.എയാണ് രാജു.
അതാത് ജില്ലാ കമ്മിറ്റികൾക്ക് വേണമെങ്കിൽ വിവേചനപരമായി തീരുമാനമെടുക്കാമെന്ന് സംസ്ഥാന കൗൺസിൽ പറഞ്ഞിട്ടുണ്ടെങ്കിലും ഇരുവരും മത്സരിക്കാൻ സാദ്ധ്യതയില്ലെന്നാണ് സൂചന.

ചടയമംഗലത്ത് യുവാക്കളെയാണ് കൂടുതലായി പരിഗണിക്കുന്നത്. പ്രാദേശിക നേതാവായ മുസ്തഫയ്ക്കാണ് ഇക്കുറി ചടയമംഗലത്ത് കൂടുതൽ സാദ്ധ്യത. വിജയ സാദ്ധ്യതയും ജനസ്വാധീനവുമാണ് പാർട്ടി പരിഗണിക്കുന്നത്. പുനലൂരിൽ മുഖ്യമായും പരിഗണിക്കുക പി.എസ്.സുപാലിനെയായിരിക്കും.
ചാത്തന്നൂരിൽ ജി.എസ്.ജയലാൽ എം.എൽ.എയെ മത്സരിപ്പിക്കാനുള്ള സാദ്ധ്യത കുറവാണ്. അവിടേയ്ക്ക് എ.ഐ.വൈ.എഫിന്റെ യുവജന നേതാക്കളിൽ ആരെയെങ്കിലും പരിഗണിക്കാനാണ് സാദ്ധ്യത. കരുനാഗപ്പള്ളിയിൽ ആർ. രാമചന്ദ്രൻ തന്നെയാകും സ്ഥാനാർത്ഥിയെന്നറിയുന്നു. വിജയസാദ്ധ്യതയും വികസന നേട്ടങ്ങളും പരിഗണിക്കുമ്പോൾ രാമചന്ദ്രന് ഇക്കുറി മികച്ച വിജയമാണ് പാർട്ടി അണികൾ പ്രതീക്ഷിക്കുന്നത്.