
ആർ.എസ്.പി ലെനിനിസ്റ്റ് പിളർന്നിട്ടില്ലെന്ന് കുഞ്ഞുമോൻ
കൊല്ലം: ആർ.എസ്.പി ലെനിനിസ്റ്റ് പിളർന്നിട്ടില്ലെന്നും കുന്നത്തൂർ സീറ്റ് കണ്ട് ആരും പനിക്കേണ്ടെന്നും ആർ.എസ്.പി ലെനിനിസ്റ്റ് സ്ഥാപകൻ കോവൂർ കുഞ്ഞുമോൻ എം.എൽ.എ കേരളകൗമുദിയോട് പറഞ്ഞു.
പാർട്ടി പിളർന്നതായി പുറത്തായവർ പ്രചരിപ്പിക്കുകയാണ്.
പാർട്ടിയിൽ നാളുകളായി ചിലർ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ചവറ സീറ്റ് അനുവദിച്ചെങ്കിലും വേണ്ടെന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന ബലദേവ് പറയുകയായിരുന്നു. പിന്നീട് പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കാനും ആഹ്വാനം ചെയ്തു. കുന്നത്തൂർ സീറ്റുപോലും വേണ്ടെന്ന് ബലദേവ് സി.പി.എം നേതാക്കളെ അറിയിച്ചു. ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് ബലദേവിനെ പുറത്താക്കിയത്.
പാർട്ടിയുടെ പുതിയ സെക്രട്ടറി ഷാജി ഫിലിപ്പാണെന്നും കുഞ്ഞുമോൻ പറഞ്ഞു.
പാർട്ടി എന്റെ കൈയിൽ: ബലദേവ്
കോവൂർ കുഞ്ഞുമോൻ എം.എൽ.എ സ്വതന്ത്ര എം.എൽ.എയാണെന്നും ആർ.എസ്.പി ലെനിനിസ്റ്റിന്റെ സംസ്ഥാന സെക്രട്ടറി താൻ തന്നെയാണെന്നും അഡ്വ. ബലദേവ് അറിയിച്ചു. പാർട്ടിക്ക് കുന്നത്തൂർ സീറ്റ് വേണ്ടായെന്ന് എൽ.എഡി.എഫ് കൺവീനറെ അറിയിച്ചിട്ടുണ്ട്. കുഞ്ഞുമോന് ഒപ്പമുള്ളവരെല്ലാം മാതൃസംഘടനയിലേയ്ക്ക് പോയി. സംഘടനാ സെക്രട്ടറിയായി താൻ തന്നെയാണ് ഔദ്യോഗികമായി തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
''
എല്ലാ പാർട്ടികളിലും ഇത്തരം ചാഞ്ചാട്ടങ്ങളുണ്ട്. അത്രമാത്രമാണ് ആർ.എസ്.പി ലെനിനിസ്റ്റിലും ഉണ്ടായിട്ടുള്ളൂ. പാർട്ടി പിളർന്നതായുള്ള കുപ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണ്.
കോവൂർ കുഞ്ഞുമോൻ എം.എൽ.എ