മടത്തറ: വർഷങ്ങളായി വിളക്കു കത്തിച്ച് ആരാധന നടത്തുന്ന ശ്രീനാരായണ ഗുരുദേവ പ്രതിമയ്ക്ക് മുന്നിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കേണ്ടെന്ന് തീരുമാനം. പെരിങ്ങമ്മല പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഗുരുദേവ പ്രതിമയ്ക്ക് മുന്നിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയൻ പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ മറ്റൊരു സ്ഥലം കണ്ടെത്താമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പു നൽകുകയായിരുന്നു. അതിനിടയിൽ ലൈറ്റ് പ്രതിമയ്ക്ക് മുന്നിൽ തന്നെ സ്ഥാപിക്കണമെന്ന നിലപാടുമായി ഒരു വിഭാഗം രംഗത്തെത്തിയത് വിവാദമായിരുന്നു. മടത്തറയിലെ ശ്രീ നാരായണ പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്നവരാണ് ഇതിന് പിന്നിലെന്ന് എസ്.എൻ.ഡി.പി യോഗം മടത്തറ ശാഖാ കമ്മിറ്റി ആരോപിച്ചു.