കൊല്ലം: ആദ്യഘട്ട നവീകരണം പൂർത്തിയായ കൊല്ലം തോട്ടിൽ ഗതാഗതം ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്നലെ ട്രയൽ റൺ നടത്തി. കൊല്ലം ബോട്ട് ജെട്ടി മുതൽ ഇരവിപുരം വരെ ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
എല്ലാ സ്ഥലങ്ങളിലും ഗതാഗത്തിന് ആവശ്യമായ ആഴമുണ്ടെന്ന് ഉറപ്പാക്കാനായിരുന്നു ട്രയൽ റൺ സ്പീഡ് ബോട്ടിൽ തോട്ടിലൂടെ സഞ്ചരിച്ച് എക്കോ സൗണ്ടർ ഉപയോഗിച്ചായിരുന്നു ആഴ പരിശോധന. വൈകിട്ട് അഞ്ചിന് ബോട്ട് ജെട്ടിയിൽ നിന്നാണ് ട്രയൽ റൺ തുടങ്ങിയത്. പഴയ കല്ലുപാലത്തിന് സമീപം എത്തിയപ്പോൾ പുതിയ പാലത്തിന്റെ നിർമ്മാണം നടക്കുന്നതിനാൽ തസ്സം നേരിട്ടു. ഈ തടസങ്ങൾ നീക്കി സ്പീഡ് ബോട്ട് ഇരവിപുരം ഭാഗത്തേക്ക് നീങ്ങി.എല്ലാ ഭാഗത്തും ചെറിയ ടൂറിസ്റ്റ് ബോട്ടുകൾക്ക് സഞ്ചരിക്കാനാവശ്യമായ ആഴമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. രണ്ടാംഘട്ട നവീകരണത്തിന്റെ ഭാഗമായി വലിയ ചരക്ക് ബോട്ടുകൾക്ക് സഞ്ചരിക്കാൻ കഴിയുന്ന തരത്തിൽ വീണ്ടും ആഴം വർദ്ധിപ്പിക്കും.
ഉദ്ഘാടനം തിങ്കളാഴ്ച
തിങ്കളാഴ്ച ദേശീയജലപാതയുടെ ആദ്യഘട്ട നവീകരണത്തിന്റെ ഉദ്ഘാടനം തലസ്ഥാനത്ത് നടക്കുമ്പോൾ കൊല്ലം തോടുവഴിയുള്ള ഗതാഗതവും ആരംഭിക്കും. കല്ലുപാലത്തിന്റെ നിർമ്മാണം നടക്കുന്നതിനിൽ ഇരവിപുരം ഭാഗത്ത് നിന്ന് ജലകേളീകേന്ദ്രം വഴി വരെ സഞ്ചരിച്ചാകും ഉദ്ഘാടനം. മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അടക്കമുള്ളവർ ഉദ്ഘാടന യാത്രയിൽ സഞ്ചരിക്കും.