കൊല്ലം: ആശ്രാമം ഇ.എസ്.ഐ കോർപ്പറേഷൻ ആശുപത്രിയിൽ നിറുത്തിവച്ചിരിക്കുന്ന ഐ.സി.യു സേവനം ഉടൻ പുനരാരംഭിക്കണമെന്ന് തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ കോർപ്പറേഷൻ അധികൃതരോട് ആവശ്യപ്പെട്ടു. ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങളിലും സാങ്കേതിക നടപടികളിലുമുള്ള പുരോഗതി വിലയിരുത്തുന്നതിനായി കൊല്ലം ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
2016 ജൂലായിൽ ആശുപത്രിയിലെ കിടക്കകളുടെ എണ്ണം മുന്നൂറായി ഉയർത്താൻ കോർപ്പറേഷൻ തീരുമാനിച്ചെങ്കിലും നടപ്പാക്കുന്ന കാര്യത്തിൽ വീഴ്ച വരുത്തിയെന്ന് മന്ത്രി പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സാ സൗകര്യങ്ങൾക്ക് ആവശ്യമായ പശ്ചാത്തല സൗകര്യം ഉടൻ ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.
സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയും കാഷ്യു കോർപ്പറേഷൻ ചെയർമാനുമായ എസ്. ജയമോഹൻ, ഇ.എസ്.ഐ.സി മെഡിക്കൽ സൂപ്രണ്ട് ഡോ. കരൺ സിംഗ് സോളങ്കി, സംസ്ഥാന തൊഴിൽ വകുപ്പിലെയും ഇ.എസ്.ഐ കോർപ്പറേഷനിലേയും ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. തീരുമാനം നടപ്പായില്ലെങ്കിൽ പ്രക്ഷോഭം തുടരുമെന്ന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ പറഞ്ഞു.