എഴുകോൺ: രണ്ടുലക്ഷം രൂപ കളഞ്ഞുകിട്ടിയിട്ടും കണ്ണ് മഞ്ഞളിക്കാതെ തുക തിരികെ നൽകി യുവാവ് മാതൃകയായി. കാടയ്ക്കോട് അനു മന്ദിരത്തിൽ അനുക്കുട്ടനാണ് ഇന്നലെ വൈകിട്ട് 5 ഓടെ എഴുകോൺ പെട്രോൾ പമ്പിന് സമീപത്തുനിന്ന് 500 ന്റെ നോട്ടുകെട്ടുകളായി 1,99,000 രൂപ ലഭിച്ചത്.
ഉടൻ തന്നെ അനു തുകയുമായി എഴുകോൺ പൊലീസ് സ്റ്റേഷനിലെത്തി. കോൺട്രാക്ടറായ ചന്ദനത്തോപ്പ് മിന്നാരത്തിൽ ശിവപ്രസാദിന്റേതായിരുന്നു തുക. തൊഴിലാളികൾക്ക് കൂലി കൊടുക്കാൻ ബാങ്കിൽ നിന്ന് പിൻവലിച്ചതായിരുന്നു. പമ്പിൽ നിന്ന് വാഹനത്തിൽ പെട്രോൾ അടിച്ച് മടങ്ങും വഴിയാണ് തുക കളഞ്ഞുപോയത്. പണം നഷ്ടപ്പെട്ടത് അറിഞ്ഞപ്പോൾ തന്നെ ശിവപ്രസാദ് കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ പരാതി നൽകി. തുടർന്ന് എഴുകോൺ സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോൾ അനു തുകയുമായി സ്റ്റേഷനിൽ ഉണ്ടായിരുന്നു. തുടർന്ന് എഴുകോൺ എസ്.ഐമാരായ എം. രാകേഷ് കുമാർ, അനിൽ കുമാർ, സി.പി.ഒ വി.എസ്. ഗണേഷ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ തുക കൈമാറി.