
കൊവിഡ് ലംഘകരിൽ പ്രിയം നവദമ്പതികളോട്
കൊല്ലം: ബീച്ചിലും പാർക്കുകളിലുമുൾപ്പെടെ എത്തുന്ന സന്ദർശകരിൽ നിന്ന് കൊവിഡ് മാനദണ്ഡ ലംഘനത്തിന്റെ പേരിൽ അനാവശ്യമായി പിഴ ഈടാക്കുന്നതായി ആക്ഷേപം. നവദമ്പതികളെ ലക്ഷ്യമിട്ടാണ് പൊലീസിന്റെയും സെക്ടർ മജിസ്‌ട്രേറ്റുമാരുടെയും പിഴയീടാക്കലെന്നും ആരോപണമുണ്ട്. കാറുകളിലും മറ്റുമെത്തുന്ന നവദമ്പതികളെ തിരിച്ചറിഞ്ഞ ശേഷം നിസാര കാരണങ്ങൾ പറഞ്ഞ് പിഴ ചുമത്തുകയാണ്.
കൊല്ലം ബീച്ച്, അഡ്വഞ്ചർ പാർക്ക് ഉൾപ്പെടെയുള്ള നഗരത്തിലെ പാർക്കുകളും മാളുകളും വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. നവദമ്പതികളെ വളരെവേഗം തിരിച്ചറിയാൻ സാധിക്കുമെന്നതിനാലാണ് ഇവരെ ലക്ഷ്യമിടുന്നത്. നാണക്കേട് ഭയന്ന് മിക്കവരും പിഴനൽകി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയാണ് പതിവ്.
വിനയായി ടാർജറ്റ്
നിശ്ചിത എണ്ണം കേസുകൾ പിടിക്കണമെന്ന നിർദ്ദേശമാണ് സെക്ടർ മജിസ്‌ട്രേറ്റ് ഉൾപ്പെടെയുള്ളവർക്ക് നൽകിയിരിക്കുന്നത്. ഇവ ഉറപ്പുവരുത്തുന്നതിനായി ദുരന്തനിവാരണ അതോറിട്ടി ചീഫ് എക്സിക്യൂട്ടിവ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊലീസിന്റെ പിങ്ക് പട്രോളിംഗ്, ഹൈവേ, കൺട്രോൾ റൂം വെഹിക്കിൾ എന്നിവയ്‌ക്കെല്ലാം ഇത്തരത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് സൂചന.
യുവാക്കൾക്ക് മുന്നിൽ പതറും
കോളേജ് കമിതാക്കൾ ഒരുമിച്ചെത്തിയാലോ മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്നതരത്തിൽ പെരുമാറിയാലോ പൊലീസ് ഇടപെടില്ല. "സദാചാര പൊലീസാണോ ?" എന്ന ഒറ്റ ചോദ്യത്തിൽ പതറി പിന്മാറുന്നതാണ് രീതി. പിന്നീട് മറ്റെന്തെങ്കിലും തരത്തിൽ കേസുണ്ടായാൽ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന തരത്തിൽ ഒഴിഞ്ഞുമാറുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് രക്ഷാകർത്താക്കൾ പറയുന്നു.