
കൃഷി ഉപേക്ഷിച്ച് കർഷകർ
കൊട്ടാരക്കര: സുഗന്ധവ്യഞ്ജനങ്ങളിലെ രാജാവായ കറുത്ത പൊന്നിന്റെയും തിളക്കം മങ്ങുന്നു. പല കാരണങ്ങളാൽ വില കുത്തനെ ഇടിഞ്ഞതും ആഭ്യന്തര ഉത്പാദനം വർദ്ധിച്ചതുമാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്.
മുൻ വർഷങ്ങളിൽ പച്ച കുരുമുളകിന് ഇരുന്നൂറ് രൂപവരെ വില ലഭിച്ചിരുന്നു. എന്നാലിപ്പോൾ 100 രൂപയിലേയ്ക്ക് താഴ്ന്നു. കുരുമുളക് പറിച്ചെടുക്കാൻ ജോലിക്കാരെ ലഭിക്കാത്തതും കൂലി വർദ്ധനവും കർഷകരെ ശ്വാസം മുട്ടിക്കുകയാണ്.
കൂലിവർദ്ധനവ് അതിജീവിക്കാൻ കർഷകർ മരങ്ങളിൽ പടർന്നുകിടക്കുന്ന വള്ളി വലിച്ച് നിലത്തിട്ടാണ് കുരുമുളക് ശേഖരിക്കുന്നത്. ഇത് കൃഷിയെയും ബാധിക്കുന്നുണ്ട്.
പച്ച കരീലാഞ്ചി ഇനത്തിന് കിലോയ്ക്ക് 130 രൂപ ലഭിക്കുമ്പോൾ, കരിമുണ്ട, പന്നിയൂർ, നാടൻ ഇനങ്ങൾക്ക് 100 രൂപയാണ് വിപണി വില. കാലാവസ്ഥ വ്യതിയാനവും മഴയുടെ കുറവും ഉൾപ്പെടെ പ്രതിസന്ധി മുറുകിയതോടെ കൃഷി ഉപേക്ഷിക്കാനൊരുങ്ങുകയാണ് കുരുമുളക് കർഷകർ.
കണക്ക് തെറ്റിച്ച് കള്ളക്കടത്ത്
വിയറ്റ്നാമിൽ നിന്ന് നേരിട്ടും ശ്രീലങ്കവഴി കള്ളക്കടത്തിലൂടെയും കുരുമുളക് ഇന്ത്യയിൽ എത്തിത്തുടങ്ങിയതും ആഭ്യന്തര ഉത്പാദനം വർദ്ധിച്ചതുമാണ് വിപണിയിലെ വിലയിടിവിന് കാരണം. ഇറക്കുമതി നിയന്ത്രണം ഉണ്ടെങ്കിലും കർഷകർക്ക് ഗുണം ചെയ്യുന്നില്ല. മുൻപ് എഴുന്നൂറ് രൂപ വിലയുണ്ടായിരുന്ന ഉണങ്ങിയ കുരുമുളകിന് ഇപ്പോൾ മൂന്നൂറും മുന്നൂറ്റി അൻപതും രൂപയാണ് ലഭിക്കുന്നത്.
കുരുമുളക് വില
ഉണക്ക: 300-350 രൂപ
നേരത്തെ: 700-750 രൂപ
പച്ച: 100-130 രൂപ
നേരത്തെ: 250-300 രൂപ
''
വില സ്ഥിരതയ്ക്കും കർഷകരെ സംരക്ഷിക്കുന്നതിനും സർക്കാർ പ്രത്യേക പാക്കേജ് കൊണ്ടുവരണം.
കുരുമുളക് കർഷകർ