യാഥാർത്ഥ്യമാകുന്നത് നാട്ടുകാരുടെ ചിരകാല സ്വപ്നം
കരുനാഗപ്പള്ളി: തുടക്കം മുതൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന കരുനാഗപ്പള്ളി ഫയർ സ്റ്റേഷന് സ്വന്തമായി ആസ്ഥാനം വേണമെന്ന നാട്ടുകാരുടെ ചിരകാലസ്വപ്നം യാഥാർത്ഥ്യമാകുന്നു. ആർ. രാമചന്ദ്രൻ എം.എൽ.എയുടെ നിരന്തരമായ ഇടപെടലിന്റെ ഫലമായാണ് ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണത്തിനുള്ള അനുവാദം സർക്കാരിൽ നിന്ന് ലഭിച്ചത്. 3.70 കോടി രൂപ ചെലവഴിച്ചാണ് ഫയർ സ്റ്റേഷന് വേണ്ടി ബഹുനില മന്ദിരം നിർമ്മിക്കുന്നത്. താഴത്തെ നിലയിൽ വാട്ടർ ടെന്ററുകൾ സൂക്ഷിക്കുന്നതിനുള്ള ഗ്യാരേജും ഓഫീസ് മുറിയുമുണ്ടാകും. പൊതുമരാമത്ത് വകുപ്പാണ് കെട്ടിടത്തിന്റെ ഡിസൈൺ തയ്യാറാക്കിയതും നിർമ്മാണത്തിന്റെ മേൽനോട്ടം വഹിക്കുന്നതും. മൂന്ന് പതിറ്റാണ്ടിന് മുമ്പാണ് കരുനാഗപ്പള്ളിയിൽ ഫയർ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. അന്ന് മുതൽ മാറി മാറി വാടകക്കെട്ടിടത്തിലാണ് ഫയർഫോഴസ് യൂണിറ്റ് പ്രവർത്തിക്കുന്നത്.
എം.എൽ.എയുടെ ഇടപെടൽ:
മുഖ്യമന്ത്രിയുമായി ചർച്ച
കരുനാഗപ്പള്ളി ടൗണിൽ ഭൂമി ലഭിക്കാതെ വന്നതോടെയാണ് ആസ്ഥാനമന്ദിരത്തിന്റെ നിർമ്മാണം നീണ്ടുപോയത്. ആർ. രാമചന്ദ്രൻ എം.എൽ.എയാണ് ഫയർഫോഴ്സിന് ആസ്ഥാനം വേണമെന്ന ആവശ്യവുമായി മുന്നിട്ടിറങ്ങിയത്. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന്റെ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ള ഭൂമി ഫയർഫോഴ്സിന് ആസ്ഥാനം നിർമ്മിക്കാൻ നൽകണമെന്ന ആശയം എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് പല തവണ നടത്തിയ ചർച്ചയെ തുടർന്നാണ് പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ തെക്കേ അറ്റത്തെ 20 സെന്റ് ഭൂമി ഫയർഫോഴ്സിന് നൽകാൻ സർക്കാർ തീരുമാനിച്ചത്. 2017ൽ ഇതിന്റെ രേഖകൾ ഫയർഫോഴ്സിന് കൈമാറുകയും സ്ഥലം അളന്ന് തിരിച്ച് കല്ലിടുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിക്കുമെന്നാണ് അറിയുന്നത്.
44 ജീവനക്കാർ
കരുനാഗപ്പള്ളി ഫയർ സ്റ്റേഷനിൽ സ്റ്റേഷൻ ഓഫീസർ ഉൾപ്പെടെ 44 ജീവനക്കാരാണുള്ളത്. രണ്ട് വാട്ടർ ടെന്ററുകൾ, ഒരു ബുള്ളറ്റ്, ഒരു എഫ്.ആർ.വി, ഒരു ജീപ്പ്, ഒരു ആംബുലൻസ് എന്നിവ നിലവിൽ പ്രവർത്തനസജ്ജമാണ്. കഴിഞ്ഞ മൂന്ന് പതിറ്രാണ്ടായി പരിമിതമായ സ്ഥലത്താണ് ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. പുതിയ ആസ്ഥാന മന്ദിരം പ്രാവർത്തികമാകുന്നതോടെ ഫയർ സ്റ്റേഷന്റെ പ്രശ്നങ്ങൾ ഒരു പരിധി വരെ മാറും.
3.70 കോടി രൂപ ചെലവ്