swami-sauparnika
ശങ്കരാചാര്യ മഠാധിപതി സ്വാമി സൗപർണിക വിജേന്ദ്രപുരി മൺറോത്തുരുത്തിലെ കുടുംബങ്ങളെ സന്ദർശിക്കാനെത്തിയപ്പോൾ

കുണ്ടറ: സാധാരണക്കാരന്റെ കണ്ണീരൊപ്പുന്നതാണ് ഈശ്വരസേവയെന്ന് പറഞ്ഞ ശ്രീശങ്കരന്റെ വഴിയേ സ്വാമി വിജേന്ദ്രപുരിയും. ജാതീയ ചിന്തകൾക്കപ്പുറമുള്ള മനുഷ്യന്റെ പച്ചയായ ജീവിതം നേരിട്ടറിയാൻ പെരുമ്പുഴ ശങ്കരാചര്യ മഠാധിപതി സ്വാമി സൗപർണിക വിജേന്ദ്രപുരി മൺറോത്തുരുത്തിൽ സന്ദർശനം നടത്തി. ജനങ്ങൾ പൊന്നാടയണിയിച്ച് സ്വീകരിക്കുമ്പോഴും നാടിന്റെ നൊമ്പരങ്ങൾ തേടുകയായിരുന്നു സ്വാമിയുടെ കണ്ണുകൾ.
കൊല്ലത്തെ ആദ്യകാല സാമൂഹിക പ്രവർത്തകനും രാഷ്ട്രീയ സ്വയംസേവകനുമായിരുന്ന മംഗളന്റെ ഒറ്റമുറി വീട്ടിലാണ് സ്വാമി ആദ്യമെത്തിയത്. ദാരിദ്ര്യത്താൽ ജീവിതം വഴിമുട്ടിയ നിലയിലാണ് വൃക്കരോഗിയായ മംഗളനും കുടുംബവും. പരസഹായമില്ലാതെ എഴുന്നേറ്റ് നിൽക്കാൻ പോലുമാകില്ല. ഈയവസ്ഥയിലും ഭാര്യയും മകളും പട്ടിണിയിലാകാതിരിക്കാൻ പൊതിച്ചോറുണ്ടാക്കി വിൽക്കുകയാണ് അദ്ദേഹം. മംഗളന് വീടും ചികിത്സ ഉൾപ്പെടെയുള്ള സഹായങ്ങളും ലഭ്യമാക്കാൻ നടപടി സ്വീകരിക്കാനും ഹിന്ദു ആചാര്യസഭ ഡയറക്ടർമാരായ രാഹുൽ ആദിത്യനെയും ആദിത്യലാലിനെയും ചുമതലപ്പെടുത്തിയ ശേഷമാണ് സ്വാമി മടങ്ങിയത്.

വേലിയേറ്റം മൂലം ദുരിതം അനുഭവിക്കുന്ന തുരുത്തിലെ കുടുംബങ്ങളെയും സ്വാമി സന്ദർശിച്ചു. കുടിവെള്ളക്ഷാമവും മലിനജല സാന്നിദ്ധ്യം മൂലമുള്ള മാറാവ്യാധികളും നാട്ടുകാർ അദ്ദേഹത്തോട് കണ്ണീരോടെ പറഞ്ഞു. കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ പ്രത്യേക രക്ഷാപദ്ധതി മൺറോത്തുരുത്തിൽ നടപ്പാക്കേണ്ടതുണ്ടെന്ന് സ്വാമി നിരീക്ഷിച്ചു. ഇതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കുമെന്നും ഉറപ്പുനൽകി. കൂടാതെ ഹിന്ദു ആചാര്യസഭയുടെ ദേശീയ നേതൃത്വം വഴി തന്നാലാകുന്ന എല്ലാ സഹായങ്ങളും മൺറോത്തുരുത്ത് നിവാസികൾക്ക് എത്തിക്കുമെന്നും സ്വാമി പറഞ്ഞു.

ഹിന്ദു ആചാര്യസഭ ജില്ലാ പ്രസിഡന്റ് വി. ജയപ്രകാശ്, ജനറൽ സെക്രട്ടറി പ്രമോദ് സൗഗന്ധികം, സംഘടനാ സെക്രട്ടറി ജി. സുധീർ ബാബു, ജില്ലാ, മണ്ഡലം, പഞ്ചായത്ത് തല ഭാരവാഹികൾ തുടങ്ങിയവർ സ്വാമിക്കൊപ്പമുണ്ടായിരുന്നു.