
കൊല്ലം: ജില്ലയിലെ മികച്ച ഗ്രാമീണ ഗ്രന്ഥശാലാ ലൈബ്രേറിയനുള്ള നീരാവിൽ നവോദയം ഗ്രന്ഥശാലയുടെ പ്രൊഫ. കല്ലട രാമചന്ദ്രൻ സ്മാരക ലൈബ്രേറിയൻ അവാർഡിന് മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകൻ എ. അബൂബക്കർ കുഞ്ഞ് അർഹനായി. 10,001 രൂപയും ഉപഹാരവും പ്രശംസാപത്രവുമടങ്ങുന്നതാണ് അവാർഡ്.
1954ൽ കണ്ണനല്ലൂരിൽ വൈ.എം.എ ലൈബ്രറിയുടെ ലൈബ്രേറിയനായി ഗ്രന്ഥശാലാ പ്രവർത്തനം ആരംഭിച്ച ഇദ്ദേഹത്തിന് ഈ രംഗത്ത് ആറര പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുണ്ട്. കണ്ണനല്ലൂർ പബ്ലിക് ലൈബ്രറി പ്രസിഡന്റായി ദീർഘനാളായി പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ ലൈബ്രറിയുടെ റഫറൻസ് വിഭാഗം ലൈബ്രേറിയനാണ്.
കേരളാ എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി ഒരു പതിറ്റാണ്ടോളം പ്രവർത്തിച്ച ഇദ്ദേഹം ഇപ്പോൾ കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റാണ്.
സാഹിത്യ വിമർശകനും കലാശാലാ അദ്ധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന പ്രൊഫ. കല്ലട രാമചന്ദ്രന്റെ 22-ാം ചരമ വാർഷിക ദിനമായിരുന്നു കഴിഞ്ഞ ഫെബ്രുവരി 10.