അഞ്ചൽ: ക്ഷീരകർഷകരുടെ ക്ഷേമത്തിനും പാൽ ഉത്പാദനത്തിലും കെ.എൽ.ഡി ബോർഡ് നടപ്പാക്കുന്ന പ്രവർത്തനങ്ങൾ സംസ്ഥാനത്തിന് മാതൃകയും അഭിമാനകരവുമാണെന്ന് മന്ത്രി കെ. രാജു പറഞ്ഞു.
കെ.എൽ.ഡി. ബോർഡിന്റെ അധീനതയിലുള്ള കുളത്തൂപ്പുഴ ഹൈടെക് ഡയറി ഫാമിൽ ക്ഷീരകർഷക പരിശീലന കേന്ദ്രത്തിന് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി. പാൽ ഉത്പാദനത്തിൽ അഞ്ചുവർഷത്തിനിടെ മികച്ച നേട്ടം കൈവരിക്കുന്നതിന് കെ.എൽ.ഡി ബോർഡിന്റെ സേവനം വലുതാണ്. ക്ഷീരകർഷകർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർക്ക് ശാസ്ത്രീയ പിശീലനം നൽകുന്നതിന് സൗകര്യം ഒരുക്കുന്നതിനാണ് കുളത്തൂപ്പുഴയിൽ പുതിയ കെട്ടിടം, ലബോറട്ടിറി, ക്ലാസ് മുറി തുർടങ്ങിയവ നിർമ്മിച്ചത്. ജില്ലയിൽ ഓച്ചിറയിൽ മാത്രമാണ് നിലവിൽ ക്ഷീരപരീശലന കേന്ദ്രം ഉള്ളതെന്നും മന്ത്രി പറഞ്ഞു.
കെ.എൽ.ഡി ബോർഡ് എം.ഡി ഡോ. ജോസ് ജയിംസിന്റെ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. രാഷ്ട്രീയ ഗ്ലോബൽ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് പശുക്കളെ ആയൂർ കളക്ടീവ് ഡയറി ഫാമിന് കൈമാറി. കഴിഞ്ഞ വർഷവും പത്ത് പശുക്കളെ ഫാമിന് കൈമാറിയിരുന്നെന്ന് എം.ഡി ഡോ. ജോസ് ജയിംസ് പറഞ്ഞു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ ഭദ്രദീപം തെളിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയേൽ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം റജി ഉമ്മൻ, കൃഷിസംരക്ഷണവകുപ്പ് ഡയറക്ടർ ഡോ. കെ.എം. ദിലീപ്, ക്ഷീര ഡയറക്ടർ മിനി രവീന്ദ്രദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അനിൽകുമാർ, ആയൂർ കളക്ടീവ് ഡയറി ഫാം പ്രസിഡന്റ് കുണ്ടൂർ പ്രഭാകരൻ പിള്ള, കെ.എൽ.ഡി ബോർഡ് പേഴ്സണൽ മാനേജർ ഡി. ജയകുമാർ, വിവിധ കക്ഷിനേതാക്കാൾ തുടങ്ങിയവർ പങ്കെടുത്തു. ജോസ് ജയിംസ് സ്വാഗതവും ഡോ. പി.എസ്. അരുൺകുമാർ നന്ദിയും പറഞ്ഞു.