 
 ലക്ഷ്യം മൂന്ന് ജില്ലകളുടെ വേനൽക്കാല ജലവിതരണം
പുനലൂർ: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വേനൽക്കാല കൃഷികൾ ലക്ഷ്യമിട്ട് തെന്മല പരപ്പാർ അണക്കെട്ടിന്റെ ഡിസ്പേഴ്സറി വാൽവ് തുറന്നു.
കല്ലട ഇറിഗേഷന്റെ ഇടത്, വലതുകര കനാലുകൾ വഴിയാണ് വെള്ളം തുറന്നുവിട്ടത്.
പദ്ധതി പ്രദേശത്ത് നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം കല്ലട ആറുവഴി ഒഴുകുന്ന വെള്ളം ഒറ്റക്കൽ തടയണയിലെത്തും. തുടർന്ന് ഇടത്, വലത് കര കനാലുകൾ വഴി തിരിടച്ചുവിടും. പദ്ധതി പ്രദേശത്ത് വൈദ്യുതി ഉത്പാദനത്തിന് രണ്ട് ജനറേറ്ററുകൾ ഉണ്ടെങ്കിലും ഒരെണ്ണം പ്രവർത്തന രഹിതമായിട്ട് വർഷങ്ങളായി.
ഒരു ജനറേറ്റർ വഴി പുറന്തള്ളുന്ന വെള്ളം രണ്ട് കനാലുകളിലും ആറ്റിലും വിതരണം ചെയ്യാൻ തികയാത്തത് കണക്കിലെടുത്താണ് അണക്കെട്ടിന്റെ ഡിസ്പേഴ്സറി വാൽവ് കൂടി തുറന്നത്. ചൂട് രൂക്ഷമായതോടെ കഴിഞ്ഞ ആഴ്ച തന്നെ രണ്ട് കനാലുകലുകൾ വഴിയും ജല വിതരണം ആരംഭിച്ചിരുന്നു.
 വേനൽ കനത്തു, കനാൽ തുറന്നു
മുൻ വർഷങ്ങളിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് കനാലുകൾ വഴി ജല വിതരണം നടത്തിയിരുന്നത്. വേനൽ കടുത്തതോടെ കരീപ്ര പഞ്ചായത്തിലെ കൃഷികൾ ഉണങ്ങാൻ തുടങ്ങിയതോടെ ഇടതുകര കനാൽ കഴിഞ്ഞ മാസം തുറന്ന് പത്ത് ദിവസം വെള്ളം ഒഴുക്കിയിരുന്നു. പിന്നീട് ഇരുകനാലുകൾ വഴിയും വെള്ളം തുറന്നുവിടുകയായിരുന്നു. ഇതോടെ കല്ലട ആറിന്റെയും കനാലുകളുടെയും തീരങ്ങളിൽ താമസിക്കുന്നവരുടെ ജലക്ഷാമത്തിന് അറുതിയാകും.