photo
ധനേഷ് മുകുന്ദനും ബിജ്മയും

കൊല്ലം: ബിജ്മയും ധനേഷും പ്രണയത്തിന്റെ പുഞ്ചിരിപ്പൂക്കളാണ്. വിധിയുടെ ക്രൂരതയിൽ തോറ്റുപോകാത്ത പുഞ്ചിരിയാണ് ആ മുഖങ്ങളിൽ. ബിജ്മയ്ക്ക് പതിനേഴ് കീമോ വേണമെന്ന് പറഞ്ഞതിൽ പത്തെണ്ണം പൂർത്തിയായി. ഓരോ തവണയും ബിജ്മയുടെ മുടി കൊഴിയുമ്പോൾ ധനേഷും തല മൊട്ടയടിച്ച് ഒപ്പം ചേർത്തുനിറുത്തും.

ഒരു വാലന്റൈൻ ദിന സന്ദേശത്തിന് ജീവിതത്തിന്റെ ചൂരുംചൂടും ചേർന്നുവരുമെന്ന് അവർ ഓർത്തിരുന്നില്ല. കോഴിക്കോട് നടക്കാവ് സോദരി നിവാസിൽ മത്സ്യത്തൊഴിലാളിയായ മുകുന്ദന്റെയും തയ്യൽതൊഴിലാളിയായ വിനിതയുടെയും മകനാണ് ധനേഷ് മുകുന്ദൻ (29). ക്രിക്കറ്റും ഫുട്ബാളുമൊക്കെ കളിക്കാൻ പലപ്പോഴും എട്ട് കിലോ മീറ്റർ ദൂരത്തുള്ള ഗോവിന്ദപുരത്ത് പോയിരുന്നു. അവിടെവച്ച് യാദൃശ്ചികമായി കണ്ട ബിജ്മയോട് ഒരു അടുപ്പം തോന്നി.

സ്കൂൾ പഠനകാലത്ത് ദൂരക്കാഴ്ചകളിൽ കണ്ടിട്ടുണ്ടെങ്കിലും അന്നൊന്നും തോന്നാത്തൊരു അടുപ്പമായി അത് വളർന്നു. ചെറിയരീതിയിൽ ഹോട്ടൽ നടത്തുന്ന ഗോവിന്ദപുരം കോന്നേരി പൂഞ്ചോലയ്ക്കൽ ഹൗസിൽ ജയരാജിന്റെയും ബിന്ദുവിന്റെ രണ്ട് പെൺകുട്ടികളിൽ മൂത്തയാളാണ് ബിജ്മ. എന്നാൽ ബിജ്മയോടുള്ള പ്രണയം തുറന്നുപറയാൻ ധൈര്യം ഉണ്ടായില്ല. പിന്നീട് ജോലി ലഭിച്ച് ധനേഷ് വിദേശത്ത് പോയി. 2014ലെ വാലന്റൈൻ ദിനത്തിൽ ബിജ്മയ്ക്ക് ഫോണിൽ മെസേജയച്ച് തന്റെ ഇഷ്ടമറിയിച്ചു. മറുപടി അനുകൂലമായതോടെ ആ പ്രണയമൊട്ടുകൾ വിടർന്നു. നാട്ടിലെത്തിയ ധനേഷ് ബിജ്മയുടെ ബന്ധുക്കളോട് വിവാഹ കാര്യം സംസാരിച്ചെങ്കിലും രണ്ട് വിഭാഗക്കാരായതിനാൽ അനുകൂല മറുപടി ലഭിച്ചില്ല.

 യൂണിഫോമിൽ ഒളിച്ചോട്ടം, വിധിയുടെ ക്രൂരത

ബിജ്മയ്ക്ക് പതിനെട്ട് വയസ് പൂർത്തിയായതിന്റെ പിറ്റേ മാസം ഐ.ടി.ഐയിൽ പഠിക്കാൻ യൂണിഫോം ധരിച്ച് വീട്ടിൽ നിന്ന് ഇറങ്ങി. കാത്തുനിന്ന ധനേഷിനൊപ്പം ഒളിച്ചോടിയത് വലിയ വിവാദമായി. പ്രവാസജീവിതം ഉപേക്ഷിച്ച ധനേഷ് നാട്ടിൽ വെൽഡിംഗ് ജോലിക്കാരനായി. പിന്നെ മീൻ വിൽപ്പനയും. 2015ൽ തുടങ്ങിയ ദാമ്പത്യത്തിന്റെ മാറ്റ് കൂട്ടി മകൻ അലന്റെ വരവോടെ അകന്നുനിന്ന ബന്ധുക്കളും അടുപ്പത്തിലായി. പക്ഷെ, വിധി വില്ലനായി. 2018 ജനുവരി 26ന് ഒരു ബന്ധുവിന്റെ വിവാഹത്തിന് ബിജ്മ ഡാൻസ് കളിക്കുന്നതിനിടെ ഛർദ്ദിച്ചു. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം മാസങ്ങൾ പിന്നിടുമ്പോഴാണ് കിഡ്നിയോട് ചേർന്ന മുഴ കണ്ടെത്തിയതും കാൻസറാണെന്ന് തെളിഞ്ഞതും. അപ്പോഴേക്കും പൂർണമായും പ്രവർത്തനം നിലച്ച ഒരു കിഡ്നി നീക്കം ചെയ്യേണ്ടിവന്നു. എങ്കിലും പ്രണയദിനം എത്തുമ്പോൾ അവരുടെ പുഞ്ചിരിക്ക് ഇരട്ടിമധുരമാണ്.

തിങ്കളാഴ്ച ബിജ്മയ്ക്ക് ഇരുപത്തിനാലാം പിറന്നാളാണ്. കൂട്ടുകാരോടൊത്ത് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും.