lamp
കല്ലുവാതുക്കൽ നടയ്ക്കൽ ആലുവിള ക്ഷേത്രത്തിൽ ചുറ്റുവിളക്കിന് തീപിടിച്ചപ്പോൾ

ചാത്തന്നൂർ: കല്ലുവാതുക്കൽ നടയ്ക്കൽ ആലുവിള ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ചുറ്റുവിളക്കിലെ എണ്ണ പൊട്ടിത്തെറിയോടെ ആളിക്കത്തിയത് എണ്ണ വ്യാപാരികളുടെ പരിധിവിട്ട ലാഭക്കൊതിയെന്ന് നിഗമനം. വിവിധതരം എണ്ണകളുടെ പേരിൽ കാലങ്ങളായി തുടർന്നുവന്ന മായംകലർത്തൽ തട്ടിപ്പ് അതിരുവിട്ടതാണ് 'പൊട്ടിത്തെറി എണ്ണയിൽ' കലാശിച്ചത്.
വിതരണക്കാരും കച്ചവടക്കാരും ആവശ്യപ്പെടുന്ന ബ്രാൻഡ് നെയിമിലും നിലവാരത്തിലുമാണ് തമിഴ് സംഘങ്ങൾ വിവിധതരം എണ്ണകൾ എത്തിച്ചുകൊടുക്കുന്നത്.

മായത്തിന്റെ അളവ് കൂടുംതോറും വില കുറയും. ഓർഡർ അനുസരിച്ചാണ് മായം ചേർക്കുന്നതും പായ്ക്കിംഗ് നടത്തുന്നതും.

25 ശതമാനം വെളിച്ചെണ്ണയും 74 ശതമാനം പാരഫിൻ ഓയിലും ഒരു ശതമാനം വെളിച്ചെണ്ണയുടെ നിറവും മണവുമുള്ള രാസവസ്തുവും ചേർന്നാൽ വെളിച്ചെണ്ണ റെഡി. വെളിച്ചെണ്ണയ്ക്ക് പകരം എള്ളെണ്ണയും എസൻസും ചേർത്താൽ വ്യാജ എള്ളെണ്ണയും തയ്യാറായി. പേരിനുപോലും ശുദ്ധമായ എണ്ണ ചേർക്കാതെ പാരഫിൻ ഓയിലിനൊപ്പം ആസിഡ് ഉപയോഗിച്ച് ശുദ്ധീകരിച്ച് നിറംചേർത്ത എണ്ണ കലർത്തുന്നതോടെ 'പൊട്ടിത്തെറി എണ്ണ'യാകും. ഇത്തരത്തിൽ തയ്യാറാക്കിയ എണ്ണയാണ് കല്ലുവാതുക്കലിൽ ക്ഷേത്രത്തിലെ തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് വിവരം.

 മായം കൂടും, വില കുറയും

75 ശതമാനം ശുദ്ധമായ എണ്ണയും 25 ശതമാനം മായവും കലർന്ന ഇനത്തിനാണ് വിപണിയിൽ ഏറ്റവും കൂടുതൽ വില. ഇത് അൻപത് ശതമാനം വീതമെന്ന അനുപാതത്തിലാകുമ്പോൾ ആദ്യത്തേതിനെക്കാൾ 25 ശതമാനം വില കുറയും. 25 ശതമാനം ശുദ്ധമായ എണ്ണയും 75 ശതമാനം മായവും ചേർക്കുന്നതോടെ വില വീണ്ടും പകുതിയോളം കുറയും.

 വിലയിൽ ചേർച്ചയില്ലാതെ എള്ളും എള്ളെണ്ണയും

മാർക്കറ്റിൽ ലഭിക്കുന്ന എള്ളിന്റെയും എള്ളെണ്ണയുടെയും വിലകൾ തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്. ഉണങ്ങിയ എള്ളിന് കിലോയ്ക്ക് 400 രൂപ വരെയാണ് വില. ധാരാളമായി എള്ള് കൃഷി ചെയ്യുന്ന പാലക്കാട്ടിൽ വില 250 രൂപയും. ശരാശരി മൂന്നര കിലോ എള്ള് ആട്ടിയാലാണ് ഒരു കിലോ എള്ളെണ്ണ ലഭിക്കുന്നത്. പാലക്കാട്ടെ വില വച്ച് കണക്കാക്കിയാലും 900 രൂപയുടെ എള്ള് വേണം ഒരു കിലോ എണ്ണയ്ക്ക്. എള്ളിൻ പിണ്ണാക്കിന്റെ വില കുറച്ച് പായ്ക്കിംഗ് ചെലവ് കൂടി ചേർത്താൽ 750 രൂപയ്ക്ക് വിറ്റാലും മുതലാകില്ല. എന്നിട്ടുകൂടി സംസ്ഥാനത്ത് എള്ളെണ്ണയുടെ വില കിലോയ്ക്ക് 200 രൂപയാണ്. ഇത് മായം ചേർന്നതാണെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അടക്കം അധികൃതർക്ക് അറിവുള്ളതുമാണ്.