fish

 കൂഴാവാലി ലഭ്യത കുറയുന്നു

കൊല്ലം: അഷ്ടമുടി കായലിൽ മാത്രം കാണുന്ന കൂഴാലി എന്ന കൂഴാവാലി മത്സ്യത്തിന്റെ ലഭ്യത ഗണ്യമായി കുറയുന്നു. സംസ്ഥാനത്തെ മറ്റ് കായലുകളിലില്ലാത്ത ഈ മത്സ്യത്തിന് വംശനാശം നേരിടുകയാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

ഇരുപത് വർഷം മുമ്പ് യഥേഷ്ടം ലഭിച്ചിരുന്ന കൂഴാവാലിക്ക് ഏകദേശം ആറ് മുതൽ എട്ട് സെന്റി മീറ്റർ വണ്ണവും പതിനഞ്ച് മുതൽ ഇരുപത് സെന്റി മീറ്റർവരെ നീളവുമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ലഭിക്കുന്നവയ്ക്ക് ഇതിന്റെ നാലിൽ മൂന്ന് വലുപ്പം മാത്രമേയുള്ളൂ. അന്ന് പത്തുരൂപയ്ക്ക് അറുപതും എഴുപതും എണ്ണം ലഭിക്കുമായിരുന്നിടത്ത് ഇപ്പോൾ അൻപത് രൂപയ്ക്ക് പത്തെണ്ണം കിട്ടിയാലായി.

 തനിയെ അഴിഞ്ഞ് കുരുക്ക് !

കൂഴാവാലിയെ മാത്രം കുരുക്കാനുള്ള വലയും നേരത്തേ ഉണ്ടായിരുന്നു. ഇത്തരം മത്സ്യബന്ധനം നടത്തിയിരുന്നവർ ഇപ്പോൾ മറ്റ് മത്സ്യബന്ധനത്തിലേയ്ക്ക് മാറി. അഷ്ടമുടിയുടെ തീരത്തെ വീടുകളിൽ രുചികരമായ കറിക്കൂട്ടുകൾക്കിടയിൽ പ്രമുഖ സ്ഥാനമുണ്ടായിരുന്ന കൂഴാവാലിയെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ സമീപഭാവിയിൽ ഇവ കായലിൽ നിന്ന് അപ്രത്യക്ഷമാകും.

 കാലാവസ്ഥാ വ്യതിയാനമോ?


കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കായലിലുണ്ടായ മാറ്റമാണ് കൂഴാവാലിയുടെ ലഭ്യതക്കുറവിന് കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത് . ചൂട് കുറഞ്ഞിരിക്കുന്ന ഭാഗങ്ങളിലാണ് ഇവ പ്രജനനം നടത്തുന്നത്. ഇതിന് ആഴം കൂടിയ ഭാഗമാണ് തെരഞ്ഞെടുക്കുന്നത്.

''

കായൽ അടിത്തട്ടിലെ ഊഷ്മാവ് ഉയർന്നിട്ടുണ്ടാകും. കൃത്യമായ പ്രജനനം നടക്കാത്തതാണ് കുറവിന് കാരണം. ശാസ്ത്രീയ പഠനം അനിവാര്യം.

വിദഗ്ദ്ധർ