water

കൊല്ലം: പമ്പ് ഹൗസുകളിലെ മോട്ടോർ കേടായാൽ നന്നാക്കി തിരികെ സ്ഥാപിക്കുന്നതിൽ കാലതാമസം നേരിടുന്നതിനാൽ കുടിവെള്ളവിതരണം മുടങ്ങുന്നത് പതിവാകുന്നു. തൃക്കരുവ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ആഴ്ചകളായി കുടിവെള്ളം ലഭിക്കുന്നില്ല. ഇഞ്ചവിള, കരുവ, അഷ്ടമുടി ഭാഗങ്ങളിലും ജലവിതരണം മുടങ്ങിയെങ്കിലും എതിർപ്പുകളെ തുടർന്ന് ഭാഗികമായി പുനഃസ്ഥാപിക്കുകയായിരുന്നു.

ജലവിതരണത്തിൽ നടപടികൾ സ്വീകരിക്കാതെ പഞ്ചായത്ത്, ജലവിഭവ വകുപ്പ് അധികൃതർ പരസ്പരം പഴിചാരുകയാണ്. സന്നദ്ധസേവന പ്രവർത്തകരുടെയും രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ ടാങ്കറുകളിൽ വെള്ളമെത്തിക്കുന്നുണ്ടെങ്കിലും പര്യാപ്തമല്ല. കായൽത്തീര പ്രദേശങ്ങൾ കൂടിയായതിനാൽ തൃക്കരുവയിലെ ഭൂരിഭാഗം ജനങ്ങളും കുടിവെള്ളത്തിനായി പൊതുവിതരണ സംവിധാനത്തെയാണ് ആശ്രയിക്കുന്നത്.

 അനാസ്ഥയും ഇഴച്ചിലും

പമ്പ് ഹൗസുകളിൽ വെള്ളത്തിനടിയിൽ സ്ഥാപിക്കുന്ന മോട്ടോറുകളാണ് സ്ഥാപിച്ചിട്ടുള്ളത്. മോട്ടോറുകൾ കേടായാൽ ഇരുന്നൂറ് മുതൽ നാന്നൂറ് അടിവരെ താഴ്ചയിലുള്ള പൈപ്പുകൾ ഉയർത്തിവേണം മോട്ടോർ പുറത്തെടുക്കാൻ. പകരം മോട്ടോർ അപ്പോൾ തന്നെ തിരികെ സ്ഥാപിക്കാമെന്നിരിക്കെ അതിന് മിനക്കെടാതെ കേടായ മോട്ടോർ കൊണ്ടുപോയി അറ്റകുറ്റപണികൾ തീർത്തശേഷം മാത്രമാണ് ജലവിതരണം പുനഃസ്ഥാപിക്കുക. അതിനായി ദിവസങ്ങളെടുത്താൽ അത്രയും ദിവസം കുടിവെള്ള വിതരണം പൂർണമായും മുടങ്ങും. എന്നാൽ പകരം സംവിധാനം ഏർപ്പെടുത്താനും അധികൃതർ തയ്യാറാകാറില്ല.

" പകരം മോട്ടോർ ഉണ്ടെങ്കിൽ കുടിവെള്ള വിതരണം മുടങ്ങാതിരിക്കും. ജലവിഭവ വകുപ്പിനെ ആശ്രയിക്കാതെ പഞ്ചായത്തിന് സ്വന്തമായി ഒരു മോട്ടോർ ഉണ്ടെങ്കിൽ കേടാകുന്ന മുറയ്ക്ക് പുനഃസ്ഥാപിക്കുകയും കേടാകുന്നവ അറ്റകുറ്റപണികൾ പൂർത്തീകരിച്ച് സൂക്ഷിക്കാനും കഴിയും. പഞ്ചായത്ത് അധികൃതർ ഇക്കാര്യത്തിൽ മുൻകൈയെടുക്കണം.

"സതീഷ് കാഞ്ഞിയിൽ, പ്രസിഡന്റ്,

ബി.ജെ.പി തൃക്കരുവ പഞ്ചായത്ത് സമിതി