ഓയൂർ: കാട് വെട്ടിത്തെളിക്കാതെ കെ.ഐ.പി കനാൽ തുറന്നുവിട്ടതിൽ വ്യാപക പ്രതിഷേധം. കനാലിൽ ചപ്പുചവറുകൾ അടിഞ്ഞുകൂടി പല സ്ഥലങ്ങളിലും വെള്ളം കവിഞ്ഞൊഴുകുന്നത് കാർഷിക വിളകൾ നശിക്കുന്നതിന് വഴിയൊരുക്കും. കാട് വൃത്തിയാക്കാത്തതിനാൽ അടിഞ്ഞുകൂടിയ ചപ്പുചവറുകളിൽ നിന്ന് ദുർഗന്ധം വമിക്കുകയാണെന്നും കനാലിലെ വെള്ളം ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും നാട്ടുകാർ പറയുന്നു.
വീടുകളിൽ വെള്ളം കയറി
പൂയപ്പള്ളി - തച്ചക്കോട് - കോളമത്ത് ഭാഗത്തേക്കുള്ള അഞ്ച് കിലോമീറ്ററിലധികം ദൂരമുള്ള കനാലിന്റെ നെയ്തോട് ഭാഗത്ത് ജലം കരകവിഞ്ഞൊഴുകി. പൂയപ്പള്ളി വഴി പരവൂരിലേക്ക് കടന്ന് പോകുന്ന പ്രധാന കനാലിന്റെ ഉപകനാലാണിത്. നെയ്തോട് ചരുവിള വീട്ടിൽ ജോസ് പ്രകാശ്, ചരുവിള വീട്ടിൽ സരള, ആലുവിള വീട്ടിൽ ജോർജ് കുട്ടി എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.
കരക്കൃഷിയ്ക്കും ഭീഷണി
കനാലിന് താഴെയുള്ള കരക്കൃഷിയും ഭീഷണി നേരിടുകയാണ്. മിക്ക സ്ഥലങ്ങളിലും പുല്ലും പാഴ് മരങ്ങളും വളർന്ന് കനാൽ കാണാൻപോലും കഴിയാത്ത സ്ഥിതിയാണ്. കനാൽ ശുചീകരിക്കാതെ വെള്ളം തുറന്ന് വിട്ടതാണ് കരകവിഞ്ഞൊഴുകാൻ കാരണം. പൂയപ്പള്ളി പഞ്ചായത്തിൽ തച്ചക്കോട് വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കനാലുകൾ ശുചീകരിക്കാൻ വൈകിയതാണ് പ്രശ്നത്തിന് കാരണം.