കൊല്ലം: മികച്ച കായികതാരങ്ങളെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കളിസ്ഥലങ്ങൾക്ക് ആധുനിക പശ്ചാത്തല സൗകര്യവികസനം സാധ്യമാക്കുന്നതെന്ന് എം. മുകേഷ് എം.എൽ.എ പറഞ്ഞു. നിർമ്മാണം പൂർത്തിയായ തൃക്കരുവ പഞ്ചായത്ത് സ്റ്റേഡിയം നാടിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.45 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നിർമ്മിച്ചത്.
തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുലഭ, സ്ഥിരംസമിതി ചെയർമാൻ ആർ. രതീഷ്, ആരോഗ്യസമിതി ചെയർപേഴ്‌സൺ സലീന ഷാഹുൽ, ജില്ലാപഞ്ചായത്ത് അംഗം ബി. ജയന്തി, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം. അനിൽകുമാർ, ഷെഹ്‌ന, ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു. തൃക്കരുവ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ അജ്മീൻ എം. കരുവ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ആർ. സുനിൽകുമാർ നന്ദിയും പറഞ്ഞു.