pho
മധുര റെയിൽവേ ഡിവിഷണൽ മാനേജർ വി.ആർ. ലെനിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പുനലൂർ റെയിൽവേ സ്റ്റേഷനിലെ നവീകരണ ജോലികൾ വിലയിരുത്തുന്നു

പുനലൂർ: ചെങ്കോട്ട - പുനലൂർ റെയിൽവേ ട്രാക്കിൽ മധുര റെയിൽവേ ഡിവിഷണൽ മാനേജർ വി.ആർ. ലെനിന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥർ പരിശോധന നടത്തി. 17ന് ചെന്നൈയിൽ നിന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ പുനലൂർ ഉൾപ്പെടെയുളള സ്റ്റേഷനുകൾ സന്ദർശിക്കുന്നതിന് മുന്നോടിയായാണ് മാനേജരുടെ പരിശോധന. രാവിലെ 7.30ന് മധുരയിൽ നിന്ന് പ്രത്യേക ഇൻസ്പെക്ഷൻ കാറിൽ പുറപ്പെട്ട മാനേജർ നിരുനെൽവേലി, അമ്പാസമുദ്രം സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ പരിശോധിച്ച ശേഷം ഉച്ചയ്ക്ക് 2.30 ഓടെയാണ് പുനലൂർ സ്റ്റേഷനിലെത്തിയത്. തുടർന്ന് പുനലൂർ റെയിൽവേ സ്റ്റേഷൻെറ പ്ലാറ്റ് ഫോമിലും മറ്റും നടന്നുവരുന്ന നിർമ്മാണ പ്രവർത്തനം വിലയിരുത്തിയ ശേഷം ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. കഴിഞ്ഞ ഒരുമാസമായി പുനലൂർ റെയിൽവേ സ്റ്റേഷനിൽ നവീകരണം നടക്കുകയാണ്. ഒന്നും രണ്ടും പ്ലാറ്റ് ഫോമുകളിലെ ട്രാക്കുകളുടെ ഉയരം വർദ്ധിപ്പിക്കുകയും പ്ലാറ്റ് ഫോമുകളുടെ മേൽക്കൂര മാറ്റി പകരം ലോഹ നിർമ്മിത മേൽക്കൂര സ്ഥാപിക്കുകയും ചെയ്തു. സ്റ്റേഷൻ കെട്ടിടത്തിന് മുന്നിലെ പാർക്കിംഗ് ഏരിയയിൽ റീ ടാറിംഗ് നടത്തി സമീപത്ത് പൂന്തോട്ടവും ഒരുക്കി. എല്ലാ നിർമ്മാണ ജോലികളും വിലയിരുത്തി ഒരു മണിക്കൂറിന് ശേഷം അദ്ദേഹം മധുരയിലേക്ക് തിരികെ മടങ്ങി. കൊല്ലം - തിരുനെൽവേലി റൂട്ടിൽ കൂടുതൽ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് 17ന് ജനറൽ മാനേജരുടെ സന്ദർശനമെന്ന് അറിയുന്നു. സ്റ്റേഷൻെറ നവീകരണം പരിശോധിച്ച മാനേജർ സംതൃപ്തി രേഖപ്പെടുത്തിയാണ് മടങ്ങിയത്.