
എൻഫോഴ്സ്‌മെന്റ് കൺട്രോൾ റൂം ഉദ്ഘാടനം ഇന്ന്
കൊല്ലം: മോട്ടോർ വാഹന വകുപ്പിന്റെ ജില്ലാതല എൻഫോഴ്സ്‌മെന്റ് കൺട്രോൾ റൂം ഇന്ന് ഉദ്ഘാടനം ചെയ്യും. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനും ട്രാഫിക് എൻഫോഴ്സ്‌മെന്റിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സേഫ് കേരള പദ്ധതിയുടെ ഭാഗമായിട്ടാണ് കൊട്ടാരക്കരയിൽ ജില്ലാതല എൻഫോഴ്സ്‌മെന്റ് കൺട്രോൾ റൂം തുടങ്ങുന്നത്.
കൊട്ടാരക്കര മിനിസിവിൽ സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച മുകളിലത്തെ നിലയിലാണ് ക്രമീകരണങ്ങൾ. രാവിലെ 10ന് മന്ത്രി എ.കെ. ശശീന്ദ്രൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. പി. ഐഷാപോറ്റി എം.എൽ.എ അദ്ധ്യക്ഷയാകും.
കൊടിക്കുന്നിൽ സുരേഷ് എം.പി, നഗരസഭാ ചെയർമാൻ എ. ഷാജു, എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ ഡി. മഹേഷ്, കൗൺസിലർ എസ്. അരുൺകുമാർ, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ആർ. രാജീവ്, തഹസീൽദാർ നിർമ്മൽ കുമാർ, എം.വി.ഐ ബിനു ജോർജ് എന്നിവർ പങ്കെടുക്കും.
തട്ടിക്കൂട്ട് തട്ടുംപുറത്ത്
കൊട്ടാരക്കരയിൽ എൻഫോഴ്സ്‌മെന്റ് പ്രവർത്തനം തുടങ്ങിയത് മുതൽ തട്ടിക്കൂട്ട് സംവിധാനങ്ങളായിരുന്നു. ആർ.ടി.ഒയും എട്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും 21 അസി. വെഹിക്കിൾ ഇൻസ്പെക്ടർമാരും മൂന്ന് ഡ്രൈവർമാരുമാണ് ആകെയുള്ളത്. ഉദ്യോഗസ്ഥർക്ക് ഇരുന്ന് ജോലി ചെയ്യാനുള്ള സംവിധാനം പോലും ഉണ്ടായിരുന്നില്ല. രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളിലാണ് നവീകരണം നടന്നത്.
ജില്ലയുടെ കാവൽ വഴികൾ
1. വാഹന പരിശോധനയ്ക്ക് പ്രധാന കവലകളിൽ മോട്ടോർ വാഹന വകുപ്പ് 50 കാമറകൾ സ്ഥാപിക്കും
2. സ്ഥാപിക്കുന്നതും തുടർ പ്രവർത്തനങ്ങളും കെൽട്രോൺ
3. നിയന്ത്രിക്കുന്നത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ
4. കൺട്രോൾ റൂം പ്രവർത്തനങ്ങൾക്ക് കെൽട്രോണിന്റെ പത്ത് ജീവനക്കാർ
5. ഹെൽമെറ്റ്, സീറ്റ് ബെൽട്ട് ഇല്ലാത്ത യാത്ര, അമിത ലോഡ്, നമ്പർ പ്ളേറ്റുകളിലെ കൃത്രിമം, ഇരുചക്ര വാഹനങ്ങളിൽ രണ്ടുപേരിൽ കൂടുതൽ യാത്ര തുടങ്ങിയവ ഒപ്പിയെടുക്കും
6. നിയന്ത്രിക്കുന്നത് ഓട്ടോമാറ്റിക് സംവിധാനം
7. പിഴ ഈടാക്കേണ്ട ചിത്രങ്ങൾ കെൽട്രോണിന്റെ ചുമതലക്കാർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒയ്ക്ക് നൽകും
8. തുക കണക്കാക്കി ഒപ്പ് രേഖപ്പെടുത്തി വാഹന ഉടമകൾക്ക് അയയ്ക്കും
''
പരിമിതികൾക്കുള്ളിലും മെച്ചപ്പെട്ട പ്രവർത്തനം നടത്താൻ കഴിയുന്നുണ്ട്. കൂടുതൽ സൗകര്യങ്ങളെത്തുമ്പോൾ പ്രവർത്തനവും മികച്ചതാകും. കാമറകൾ സ്ഥാപിക്കുന്നതിന്റെ സർവേ പൂർത്തിയാക്കി. ഉടൻ സ്ഥാപിക്കും.
ഡി.മഹേഷ്, ആർ.ടി.ഒ, എൻഫോഴ്സ്‌മെന്റ്, കൊല്ലം