canal
ജല ഗതാഗതത്തിന് ഒരുങ്ങിയ കൊല്ലം തോട്

കൊല്ലം: ആദ്യഘട്ട നവീകരണം പൂർത്തിയായ കൊല്ലം തോട് ഇന്ന് ഗതാഗതത്തിന് തുറന്നുകൊടുക്കും. കഴിഞ്ഞ പതിനൊന്ന് ആണ്ടിലേറെ നീണ്ട നവീകരണത്തിനൊടുവിലാണ് കൊല്ലം തോട് ഗതാഗത യോഗ്യമായത്. ഇന്ന് വൈകിട്ട് 5ന് ഇരവിപുരം ബോട്ട് ജെട്ടിയിൽ നിന്ന് ജലകേളി കേന്ദ്രം വരെ മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അദ്യയാത്ര നടത്തും.

അഷ്ടമുടി കായൽ മുതൽ ഇരവിപുരം വരെ 7.86 കി.മീറ്റർ നീളത്തിലുള്ള ഭാഗമാണ് കൊല്ലം തോട്. പന്ത്രണ്ടാം ധനകാര്യ കമ്മിഷന്റെ കാലത്താണ് കൊല്ലം തോട് നവീകരണ പദ്ധതിക്ക് തുടക്കമായത്. 2010ലാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആറ് റീച്ചുകളായാണ് നവീകരണം. അതിൽ കല്ലുപാലം മുതൽ അഷ്ടമുടി കായൽ വരെയുള്ള ആറാം റീച്ചിന്റെ നവീകരണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയായി. പക്ഷേ ശേഷിക്കുന്ന അഞ്ച് റീച്ചുകളിലെ നവീകരണം തീരം കൈയേറി താമസിച്ചവരുടെ എതിർപ്പ് കാരണം തുടങ്ങാനായില്ല. 2015ൽ തീരത്തുള്ളവരെയെല്ലാം ഒഴിപ്പിച്ച് വീണ്ടും നവീകരണം പുനരാരംഭിച്ചിട്ട് ആറാം വർഷം പിന്നിടുകയാണ്.

തോട്ടിലെ ആഴം കൂട്ടലിന്റെ മറവിൽ മണൽ കടത്തിന് കളമൊരുങ്ങിയതോടെയാണ് നവീകരണം ഇഴഞ്ഞത്. പാർശ്വഭിത്തി നിർമ്മാണം കരാറുകാരും ഉദ്യോഗസ്ഥരും മറന്നു. അനിയന്ത്രിതമായി മണൽ കടത്തിയതോടെ തീരം പലയിടങ്ങളിലും ഇടിഞ്ഞ് താഴ്ന്നു. പ്രതിഷേധം ശക്തമായതോടെ നവീകരണ കരാറിൽ നിന്ന് മണൽ വില്പന ഒഴിവാക്കി. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലാണ് നവീകരണം വേഗത്തിലായത്. അവശേഷിക്കുന്ന പാർശ്വഭിത്തി നിർമ്മാണം വരും ദിവസങ്ങളിൽ തുടരും.

 കൊല്ലം തോട്

നീളം: 7.86 കിലോ മീറ്റർ

നവീകരണം തുടങ്ങിയത്: 2010ൽ

ആകെ റീച്ചുകൾ: 6