joy

കൊല്ലം: ഇഴഞ്ഞുനീങ്ങിയ കൊല്ലം തോട് വികസനം സമീപകാലത്ത് വേഗം പ്രാപിച്ചതിന് പിന്നിൽ ഉൾനാടൻ ജലഗതാഗത വകുപ്പ് അസി. എക്സി. എൻജിനിയർ ജോയി ജനാർദ്ദനന്റെ ഇടപെടലാണ്. കരാറുകാർക്ക് മണൽ വില്പനയ്ക്ക് അനുമതി നൽകുന്നതാണ് നവീകരണം ഇഴയാനുള്ള കാരണമെന്ന് ഉന്നത ഉദ്യോഗസ്ഥരെയും സർക്കാരിനെയും ബോദ്ധ്യപ്പെടുത്തിയത് ഇദ്ദേഹമാണ്. ഇതോടെ രണ്ടും മൂന്നും റീച്ചുകളുടെ നവീകരണ കരാറിൽ നിന്ന് മണൽ വില്പന ഒഴിവാക്കി. മണൽ മാഫിയ ഭീഷണി മുഴക്കിയെങ്കിലും വഴങ്ങിയില്ല. മുഖ്യമന്ത്രിയും മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയും നഗരത്തിലെ എം.എൽ.എമാരും ശക്തമായ പിന്തുണ നൽകി. നിർമ്മാണം ഇഴച്ച് മണൽകടത്താനുള്ള പഴുതുകൾ അടച്ച് ഡ്രഡ്ജ് ചെയ്തെ മണൽ കടൽ തീരത്ത് നിക്ഷേപിക്കാനുള്ള അനുമതി കളക്ടറിൽ നിന്ന് വാങ്ങിയെടുത്തു. ഇത്തരം ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ കൊല്ലം തോട് നവീകരണം എങ്ങുമെത്തുമായിരുന്നില്ല.

വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച പരേതനായ ടി.പി. ജനാർദ്ദനൻ നായരുടെ മകനാണ്. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം.എസ്. അനുവാണ് ഭാര്യ. പത്താം ക്ലാസ് വിദ്യാർത്ഥിനി പാർവതി മകളാണ്.