പത്തനാപുരം: കൊല്ലം വേണാട് ജവാൻസ് സി.ആർ.പി.എഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവനിൽ ജവാന്മാരെ ആദരിച്ചു. ഈ വർഷത്തെ ധീരതയ്ക്കുള്ള മെഡൽ ലഭിച്ച കൊല്ലം ജില്ലയിലെ ജവാന്മാരായ റജികുമാർ കെ.ജി., മഹേഷ് പിള്ള എന്നിവർക്കാണ് ആദരവ് നൽകിയത്. കാശ്മീരിലെ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച 40 ജവാന്മാർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. അവരുടെ സ്മരണയ്ക്കായി ഗാന്ധിഭവനിലെ അന്തേവാസികൾക്ക് അന്നദാനം നടത്തി. തുടർന്ന് രക്തസാക്ഷികളുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറും ഗാന്ധിഭവൻ സെക്രട്ടറിയുമായ ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന ജവാന്മാരെ ഓർക്കുന്നത് രാജ്യസ്‌നേഹമുള്ള ഏതൊരു പൗരന്റെയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു. സംഘടനയുടെ സ്ഥാപക അദ്ധ്യക്ഷനും സി.ആർ.പി.എഫ് വിമുക്തഭടനുമായ എം.ടി. ബാവ സ്വാഗതം പറഞ്ഞു. കൊവിഡ് മാനദണ്ഡം പാലിച്ച് നടന്ന ചടങ്ങിൽ ട്രസ്റ്റ് അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.