
ഇരവിപുരം: സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിയെ വിദഗ്ദ്ധ ചികിത്സ വാഗ്ദാനം ചെയ്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ച സർക്കാർ ഹോമിയോ ഡോക്ടറെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കോർപ്പറേഷനിലെ വടക്കേവിള സർക്കാർ ഹോമിയോ ഡിസ്പെൻസറിയിലെ ഡോക്ടറായ കിഴക്കേകല്ലട ഉപ്പൂട് ശങ്കരവിലാസത്തിൽ ഡോ. ബിമൽ കുമാറാണ് (50) അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ജനുവരി അവസാനത്തോടെയാണ് സംഭവം. അറസ്റ്റിലായ ഡോക്ടർ ജോലി നോക്കുന്ന ഡിസ്പെൻസറിയിൽ ചികിത്സയ്ക്കെത്തിയതായിരുന്നു യുവതി. വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാമെന്ന് പറഞ്ഞാണ് അയത്തിലിൽ ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം കാട്ടുകയും അപമര്യാദയായി പെരുമാറുകയും ചെയ്തത്. യുവതിയുടെ വീട്ടുകാർ ഇരവിപുരം പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് ബിമൽ കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വകുപ്പുതല നടപടികളും ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.
ഇരവിപുരം എസ്.എച്ച്.ഒ ഉദയകുമാർ, എസ്.ഐമാരായ മൃദുൽ കുമാർ, ദീപു, ഷെമീർ, സൂരജ് ഭാസ്കർ, ജി.എസ്.ഐമാരായ സജികുമാർ, സുനിൽകുമാർ, സി.പി.ഒമാരായ മഹേന്ദ്രലാൽ, സാബിത്ത് എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.