കൊല്ലം: പ്രളയവും കൊവിഡും അതിജീവിച്ച് വികസനത്തിന്റെ കാര്യത്തിൽ കരുതലോടെയാണ് സംസ്ഥാനം മുന്നോട്ട് പോകുന്നതെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. പുനലൂർ നിയോജക മണ്ഡലത്തിലെ മുളയ്ക്കൽ, കരവാളൂർ എന്നീ ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നവീകരിച്ച തടിക്കാട് - മാത്ര - അടുക്കളമൂല റോഡിന്റെ ഉദ്ഘാടനം ഓൺലൈൻ വഴി നിർവഹിക്കുകയായിരുന്നു മന്ത്രി. കിഫ്ബിയിൽ നിന്ന് 19.10 കോടി ചെലവാക്കിയാണ് ആധുനിക രീതിയിൽ റോഡിന്റെ നവീകരണം പൂർത്തിയാക്കിയത്. മന്ത്രി കെ. രാജു അദ്ധ്യക്ഷത വഹിച്ചു. റോഡുകളുടെ വികസന പ്രവർത്തനങ്ങളും പുതിയ റോഡുകളുടെ നിർമ്മാണവും കാര്യക്ഷമമായി നടക്കുകയാണെന്നും അതിന്റെ നേട്ടം പുനലൂർ മണ്ഡലത്തിലെ ജനങ്ങൾക്ക് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
തടിക്കാട്ടിൽ നടന്ന പൊതുസമ്മേളനത്തിൽ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുജ സുരേന്ദ്രൻ, കരവാളൂർ പഞ്ചായത്ത് പ്രസിഡന്റ് ജിഷ മുരളി, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ പി. രാജീവ്, മുഹമ്മദ് അൻസാരി, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി. ജോസ്, പഞ്ചായത്ത് അംഗം ഷൗക്കത്ത്, പൊതുമരാമത്ത് ചീഫ് എൻജിനിയർ അജിത്ത് രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.