 
പുനലൂർ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നവീകരിച്ച അലിമുക്ക് - അച്ചൻകോവിൽ വനപാത നാളെ രാവിലെ 10ന് സ്ഥലം എം.എൽ.എയായ മന്ത്രി കെ. രാജു ഓൺലൈനിലൂടെ നാടിന് സമർപ്പിക്കും. നബാർഡിൽ നിന്ന് വനം വകുപ്പിന് ലഭിച്ച 15 കോടിയോളം രൂപ ചെലവഴിച്ചാണ് 20 വർഷമായി തകർന്ന് കിടന്ന വനപാത റീ ടാറിംഗ് നടത്തിയത്. പുനലൂർ, കോന്നി, അച്ചൻകോവിൽ ഫോറസ്റ്റ് ഡിവിഷനുകളിലൂടെ കടന്ന് പോകുന്ന 28 കിലോമീറ്റർ ദൈർഘ്യമുളള പാതയാണ് നവീകരിച്ചത്. കെ.ബി. ഗണേശ് കുമാർ എം.എൽ.എ സർപ്പണ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, യു. ജനീഷ് കുമാർ എം.എൽ.എ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡാം. കെ. ഡാനിയൽ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രജേന്ദ്രൻ, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ്, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേട്ടർ ദേവേന്ദ്ര കുമാർ വർമ്മ, ചീഫ് ഫോറസ്റ്റ് കൺസർവേട്ടർ സഞ്ജയൻ കുമാർ തുടങ്ങിയവർ സമർപ്പണ സമ്മേളനത്തിൽ സംസാരിക്കും.
കേരളകൗമുദി വാർത്ത തുണയായി
പാതയുടെ ദയനീയാവസ്ഥയെപ്പറ്റി കേരളകൗമുദി നിരവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സ്ഥലം എം.എൽ.എയായ മന്ത്രി കെ. രാജു ആദ്യം വനം വകുപ്പിൽ നിന്ന് 6 കോടിയോളം രൂപ അനുവദിച്ചു. തുടർന്ന് കൂടുതൽ പണത്തിനായി നബാർഡിനെ സമീപിച്ചു. നബാർഡിൽ നിന്ന് വനം വകുപ്പിന് ആദ്യമായി ലഭിച്ച തുകയാണ് വനപാത നവീകരിക്കാൻ ഉപയോഗിച്ചത്. റോഡിന്റെ ശോച്യാവസ്ഥ മൂലം പുനലൂരിൽ നിന്ന് അലിമുക്ക്, കറവൂർ, മുള്ളുമല, കോട്ടക്കയം ചെരിപ്പിട്ടകാവ് വഴി അച്ചൻകോവിലിലേക്കുളള കെ.എസ്.ആർ.ടി.സി ബസുകൾ മാസങ്ങളോളം സർവീസ് നിർത്തിവച്ചിരുന്നു. ബസ് സർവീസ് നിലച്ചതോടെ അച്ചൻകോവിൽ നിവാസികൾക്ക് പുനലൂരിൽ എത്തണമെങ്കിൽ ചെങ്കോട്ട, പുളിയറ, കോട്ടവാസൽ, ആര്യങ്കാവ്, തെന്മല, ഉറുകുന്ന് വഴി 78 കിലോമീറ്ററോളം സഞ്ചരിക്കേണ്ടി വരുമായിരുന്നു. 2,800 കുടുംബങ്ങളാണ് അച്ചൻകോവിലിലും സമീപ പ്രദേശങ്ങളിലുമായി താമസിക്കുന്നത്.