photo

കൊല്ലം: കേരളാ പൊലീസിലെ ഫോട്ടോഗ്രാഫർ തസ്തിക ഇമേജിംഗ് എക്സ്‌പേർട്ട്‍ എന്നാക്കിമാറ്റാൻ പതിനൊന്നാം ശമ്പള കമ്മിഷൻ ശുപാർശ. ഫോട്ടോഗ്രാഫിക് ബ്യൂറോയുടെ പേര് ഇമേജിംഗ് ഡിവിഷൻ എന്ന് മാറ്റാനും നിർദ്ദേശമുണ്ട്. കെ. മോഹൻദാസ് ചെയർമാനായുള്ള പതിനൊന്നാം ശമ്പള കമ്മിഷൻ റിപ്പോർട്ടിലാണ് ശുപാർശ.

വടകരയിൽ പ്രവർത്തിക്കുന്ന കോഴിക്കോട് റൂറൽ പൊലീസ് ഓഫീസ് ഒഴികെ എല്ലാ ജില്ലാ പൊലീസ് കാര്യാലയങ്ങളിലും ഫോറൻസിക് സയൻസ് ലബോറട്ടറിയിലും ക്രൈം ബ്രാഞ്ച് ഡയറക്ടറേറ്റിലും ഓരോന്ന് വീതവും പൊലീസ് ആസ്ഥാനത്തെ ഫോട്ടോഗ്രാഫിക് ബ്യൂറോയിൽ മൂന്നും ഉൾപ്പെടെ 23 ഫോട്ടോഗ്രാഫർമാരാണ് കേരളാ പൊലീസിലുള്ളത്.

തസ്തികയ്ക്ക് നിശ്ചയിച്ചിരിക്കുന്ന യോഗ്യതയും പരിശീലനവും കണക്കിലെടുത്താണ് പുനർനാമകരണത്തിന് ശുപാർശ ചെയ്തത്. ഫോട്ടോഗ്രാഫി ഒരു വിഷയമായി പഠിച്ച് ഫൈൻആർട്സിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടാതെ ഫോട്ടോഗ്രാഫർ തസ്തികയും വിരലടയാള വിദഗ്ദ്ധരും പൊലീസിലെ സബ് ഇൻസ്പെക്ടറേക്കാൾ ഉയർന്ന റാങ്കിലാണുള്ളതെന്നും ശുപാർശയിൽ വ്യക്തമാക്കുന്നു.

 കോടതിയിൽ സബ്‌ജക്ട് എക്സ്‌പേർട്ട്

ഇന്ത്യൻ തെളിവ് നിയമം 9 പ്രകാരമാണ് ചിത്രങ്ങളും വിഡിയോയും ഇലക്ട്രോണിക് തെളിവെന്ന രീതിയിൽ കോടതി സ്വീകരിക്കുന്നത്. നിയമത്തിലെ സെക്ഷൻ 45 പ്രകാരം സബ്‌ജക്ട് എക്സ്‌പേർട്ടുകളായാണ് ഫോട്ടോഗ്രാഫറെ കോടതി പരിഗണിക്കുന്നത്. കേസുകളിൽ വിരലടയാളങ്ങളുടെയും ഫോറൻസിക് തെളിവുകളുടെയും ആധികാരികതയും കൃത്യതയും കോടതിയിൽ അവതരിപ്പിക്കുന്നതിനും വിശദീകരിക്കുന്നതിനുമാണ് പൊലീസ് ഫോട്ടോഗ്രാഫർമാരുടെ സേവനം പ്രയോജനപ്പെടുത്തുന്നത്.