boat2

 സർവീസ് പുനഃക്രമീകരണം പരിഗണിക്കുന്നില്ല

കൊല്ലം: ജലഗതാഗത വകുപ്പിന്റെ കാവനാട് - സാമ്പ്രാണിക്കോടി ഫെറി ബോട്ട് സർവീസിന്റെ സമയക്രമം പുനഃക്രമീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ബൈപ്പാസിൽ കുരീപ്പുഴ - കാവനാട് പാലം വരുന്നതുവരെ ഇരുചക്രവാഹനങ്ങൾ കയറ്റാൻ സൗകര്യമുള്ള ബോട്ട് സർവീസ് നിരവധി യാത്രക്കാർക്ക് പ്രയോജനകരമായിരുന്നു. പാലം വന്നതോടെ ഈ ഭാഗത്തുള്ളവർക്ക് ബോട്ട് യാത്രയെ ആശ്രയിക്കേണ്ടി വന്നില്ല.

അതേസമയം, സാമ്പ്രാണിക്കോടി ഭാഗത്തുള്ളവർ ഇപ്പോഴും ഈ സർവീസിനെ ആശ്രയിക്കുന്നുണ്ട്. പാലം പൂർത്തിയായത് മുതൽ സമയക്രമം പുനഃക്രമീകരിക്കണമെന്നും സാമ്പ്രാണിക്കോടി ഭാഗത്തേക്കുള്ള ട്രിപ്പുകളുടെ എണ്ണം കൂട്ടണമെന്നും യാത്രക്കാരിൽ നിന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ രണ്ട് വർഷങ്ങൾക്കിപ്പുറവും ആവശ്യം അനുഭാവപൂർവം പരിഗണിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

 വരുമാന നഷ്ടം

ഇരുപത്തിനാല് ട്രിപ്പുകളുള്ള ബോട്ടിന്റെ സർവീസുകളിൽ പന്ത്രണ്ടെണ്ണം കുരീപ്പുഴ- കാവനാട് മേഖലയിൽ മാത്രമാണ്. ഇതേഭാഗത്ത് തന്നെയാണ് പാലവും നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ നിലവിൽ യാത്രക്കാരൊന്നുമില്ലാതെ വെറുതെ സർവീസുകൾ നടത്തുകയാണ്. വരുമാന നഷ്ടത്തിനൊപ്പം അനാവശ്യ ഇന്ധന ചെലവും കൂടിയാണ് ഇതുമൂലം ഉണ്ടാകുന്നത്. കുരീപ്പുഴയുമായി ബന്ധപ്പെടുത്തി സാമ്പ്രാണിക്കോടിയിൽ നിന്ന് കാവനാട്ടേക്കുള്ള ട്രിപ്പുകൾ പുനഃക്രമീകരിച്ചാൽ വരുമാന നഷ്ടത്തിന് തടയിടാൻ സാധിക്കും.

 കിലോമീറ്ററുകളുടെ ലാഭം

തൃക്കരുവ, വന്മള, പ്രാക്കുളം, മണലിക്കട, അഷ്ടമുടി ഭാഗങ്ങളിൽ നിന്ന് നീണ്ടകര, ശക്തികുളങ്ങര എന്നിവിടങ്ങളിലേക്ക് യാത്രചെയ്യുന്നവർക്ക് ഗുണകരമായ സർവീസാണിത്. ഇരുചക്രവാഹനം കൂടി കയറ്റാൻ സാധിക്കുന്ന സർവീസായതിനാൽ യാത്രയിൽ കിലോമീറ്ററുകളുടെ ലാഭമാണ് യാത്രക്കാർക്കുണ്ടാകുന്നത്.

രാവിലെ അഞ്ചിന് ആരംഭിച്ച് രാത്രി 9.50ന് സാമ്പ്രാണിക്കോടിയിൽ അവസാനിക്കുന്ന തരത്തിലാണ് സർവീസ്. രാവിലെ 8.30ന് സാമ്പ്രാണിക്കോടിയിൽ നിന്ന് കൊല്ലത്തേക്ക് ഒരു ട്രിപ്പുമുണ്ട്.

 ആകെ ട്രിപ്പുകൾ: 24
 സാമ്പ്രാണിക്കോടി - കാവനാട്: 12
 കാവനാട് - കുരീപ്പുഴ: 12